തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിൽ ഏഴ് ദിവസം സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ കഴിഞ്ഞാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ബാക്കി ഏഴ് ദിവസം വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണം. പരിശോധന നടത്താതെ വരുന്നവർ 14 ദിവസവും സർക്കാർ ക്വാറന്‍റൈൻ കേന്ദ്രത്തിൽ തന്നെ കഴിയണം. അതിൽ ആശയക്കുഴപ്പമില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം. ഇതര സംസ്ഥാനത്തെ മലയാളികൾക്കുള്ള പാസ് വിതരണം പുനരാരംഭിക്കുന്ന കാര്യത്തിൽ സ്ഥിതി അവലോകനം ചെയ്‌ത ശേഷം തീരുമാനമെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. നിലവിൽ ഓൺലൈൻ വഴിയുള്ള പാസ് വിതരണം നിർത്തിവെച്ചിരിക്കുകയാണ്.