തിരുവനന്തപുരം: സി.എ.ജിക്കെതിരെ വിമര്‍ശനവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. റിപ്പോർട്ട് ചോർന്നതായി സംശയിക്കുന്നുവെന്നും നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിന് മുമ്പ് തന്നെ റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ പുറത്തായതായി സംശയിക്കുന്നുവെന്നും സാധാണഗതിയില്‍ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ഉള്‍പ്പടെ നല്‍കുന്നതെന്നും ടോം ജോസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ചീഫ് സെക്രട്ടറി ഉന്നയിച്ചത്. സി.എ.ജി റിപ്പോര്‍ട്ടിലില്ലാത്ത വ്യക്തിപരമായ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചീഫ് സെക്രട്ടറി ആരോപിച്ചു.
വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയെന്നത് സി.എ.ജിയുടെ ഭരണഘടനാപരമായ ചുമതലയാണ്. എന്നാല്‍ സിഎജിയുടെ റിപ്പോര്‍ട്ടിന്‍റെ പേരില്‍ ഏതെങ്കിലും ഉദ്യോഗസ്ഥനെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറിയുടെ വാഹനം സംബന്ധിച്ച ആരോപണങ്ങളെ കുറിച്ചും പ്രതികരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ മേധാവിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി ഏതെങ്കിലുമൊരു വകുപ്പിന്‍റെ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ചില മാധ്യമങ്ങള്‍ ഇത് തെറ്റായി പ്രചരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതില്‍ കൃത്യമായ വ്യവസ്ഥകളുണ്ടെന്നും റിപ്പോർട്ടിലെ പരാമര്‍ശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് മറുപടി നല്‍കുമെന്നും ടോം ജോസ് അറിയിച്ചു.