തിരുവനന്തപുരം: കെടി ജലീലിന്‍റെ രാജിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജി സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹവുമായി ചര്‍ച്ച നടത്തിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രി അയയ്ക്കുന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടുന്നത് സ്വാഭാവികമാണ്. അതില്‍ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഒരാളെ ഒരു സ്ഥാനത്ത് നിയമിക്കുന്നതിന് വേണ്ട യോഗ്യത കൂട്ടുന്നു എന്ന് ഒരു മന്ത്രി പറഞ്ഞാല്‍ അത് അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്തതുകൊണ്ടല്ലേ കെടി ജലീലിന് രാജിവയ്ക്കേണ്ടി വന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറ്റ് കാര്യങ്ങള്‍ പിന്നീടാകാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്നായിരുന്നു സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍റെ ഇന്നലത്തെ പ്രതികരണം.
Also read: കെടി ജലീൽ വിഷയത്തിന് ഇനി പ്രസക്തിയില്ലെന്ന് എ വിജയരാഘവൻ
ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വിധിച്ചതിന് പിന്നാലെയാണ് കെടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷന്‍ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്നാണ് ലോകോയുക്തയുടെ വിധിയിൽ പറയുന്നത്. ന്യൂനപക്ഷ കോർപ്പറേഷനിലെ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യതയായ ബിടെക് ബിരുദത്തിന് പുറമെ പിജി ഡിബിഎ എന്ന യോഗ്യത കൂടി വേണം എന്ന വ്യവസ്ഥ മന്ത്രി ഏകപക്ഷീയമായി കൂട്ടിച്ചേർത്തത് ബന്ധുവിന് വേണ്ടിയാണെന്ന് ലോകായുക്ത നിരീക്ഷിച്ചിരുന്നു.
Also read: ബന്ധു നിയമന വിവാദം; കെടി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത