തിരുവനന്തപുരം: ഭരണ തുടർച്ച ഉറപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കേരള പര്യടനം നാളെ മുതൽ ആരംഭിക്കും. സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും ഉയർത്തിയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് വിജയം നൽകുന്ന മുൻതൂക്കം പരമാവധി ഉറപ്പാക്കാനാണ് സിപിഎം ശ്രമം.
കേരള പര്യടനത്തിൻ്റെ ഭാഗമായി 14 ജില്ലകളിലും മുഖ്യമന്ത്രിയെത്തും. കൊവിഡ് കാലമായതിനാൽ പൊതുയോഗങ്ങൾ പൂർണമായും ഒഴിവാക്കി പ്രമുഖരുമായി ആശയവിനിമയം നടത്തുകയാണ് പരിപാടി. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക -സാംസ്കാരിക- ആരോഗ്യ- വിദ്യാഭ്യാസ- വ്യവസായ മേഖലകളിലെ പ്രമുഖരുമായും സാധാരണക്കാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാന സർക്കാറും സിപിഎമ്മും ആരോപണ കൊടുങ്കാറ്റിനിടയിലാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം വിവാദങ്ങൾക്കിടയിലും ഇടത് മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം. പ്രമുഖരുമായും സാധാരണക്കാരുമായും നടത്തുന്ന കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്ന വിശദാംശങ്ങളിലൂടെയായിരിക്കും നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രകടനപത്രിക തയ്യാറാക്കുക. എന്നാൽ ഇതിനെക്കാളുപരി പരമാവധി ജനപിന്തുണ ഉറപ്പിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. നാളെ കൊല്ലത്തു നിന്നാണ് കേരള പര്യടനത്തിന് തുടക്കം കുറിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ രണ്ട് ജില്ലകൾ വീതം മുഖ്യമന്ത്രി സന്ദർശിക്കും. 30 ന് എറണാകുളം- ആലപ്പുഴ ജില്ലകളിലാണ് അവസാന പര്യടനം.