തിരുവനന്തപുരം: നിശ്ചയ ദാർഢ്യമുള്ള തദ്ദേശീയ ജനതയുടെ പ്രതീകമാണ് മിന്നു മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനങ്ങളുടെ അന്തർദേശീയ ദിനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ ഇന്ത്യന്‍ സീനിയർ വനിത ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച മിന്നു മണിയെ മുഖ്യമന്ത്രി ആദരിച്ചു.
ലോക ക്രിക്കറ്റ് കളത്തിൽ തന്‍റേതായ സ്ഥാനമുറപ്പിക്കാൻ മിന്നു മണിക്ക് കഴിയട്ടെയെന്നും താരം എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ടീമിന് വേണ്ടിയും ഇന്ത്യൻ എ ടീമിന് വേണ്ടിയും മിന്നു മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ഇന്ത്യൻ വനിത സീനിയർ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച ബംഗ്ലാദേശിനെതിരായ ടി 20 മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം മിന്നു കാഴ്‌ചവച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ മിന്നു മണിയ്‌ക്ക് ജന്മനാടായ മാനന്തവാടി ആദരവര്‍പ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മാനന്തവാടി നഗരത്തിലെ പ്രധാന ജങ്‌ഷനായ മൈസൂര്‍ റോഡ് ജങ്‌ഷന് നഗരസഭ താരത്തിന്‍റെ പേരിട്ടിരുന്നു. മൈസൂര്‍ റോഡിനോട് ചേര്‍ന്നുള്ള ഒണ്ടയങ്ങാടി- എടപ്പടി സ്വദേശിനിയാണ് താരം. നിലവില്‍ മിന്നു മണി ജങ്‌ഷന്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഇത് സംബന്ധിച്ച ബോര്‍ഡും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്.
തന്‍റെ 10-ാം വയസ്സിൽ വീടിനടുത്തുള്ള നെൽവയലില്‍ ആൺകുട്ടികളോടൊപ്പമാണ് മിന്നു മണി ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. പിന്നീട് ഇടപ്പാടി സർക്കാർ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ ചേര്‍ന്നതോടെയാണ് മിന്നുവിന്‍റെ കളി കാര്യമായത്. കേരള ക്രിക്കറ്റ് ടീമില്‍ 16-ാം വയസില്‍ ഇടം ലഭിച്ച താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
കേരള ടീമുകളിൽ മിന്നു മണി കഴിഞ്ഞ 10 വർഷമായി സ്ഥിരാംഗമാണ്. വനിത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായാണ് മലയാളി താരം കളിക്കുന്നത്. ലേലത്തില്‍ 30 ലക്ഷം രൂപയ്‌ക്കായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് മിന്നുവിനെ കൂടാരത്തില്‍ സ്വന്തമാക്കിയത്. പക്ഷെ, കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്ലേയിങ് ഇലവനില്‍ ഇടങ്കയ്യന്‍ ബാറ്ററും സ്പിന്നറുമായ മിന്നുവിന് മതിയായ അവസരം കിട്ടിയിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലൂടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞുവെങ്കിലും ആകെ മൂന്ന് മത്സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്.
അതേസമയം സാമൂഹ്യ പുരോഗതിക്കുള്ള ചാലക ശക്തികളായി യുവാക്കളെ മാറ്റിയെടുക്കണമെന്നും പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ലോകത്തിന്‍റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന പുരോഗമനപരമായ മാറ്റങ്ങളെയും തിരിച്ചറിയാനുള്ള കഴിവ് യുവാക്കൾക്കുണ്ട്. നാട് പ്രതിസന്ധിയിൽ ആയ എല്ലാ ഘട്ടത്തിലും ഓടിയെത്തിയത് ഭൂരിപക്ഷവും യുവാക്കൾ ആണ്. വികസനത്തിന്‍റെ ഗുണഫലങ്ങൾ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ പ്രദേശത്തിനോ മാത്രം ലഭ്യമാക്കുന്ന രീതിയിൽ അല്ല, സമൂഹത്തിനും നാടിനും പ്രയോജനപ്പെടുത്തുന്ന വികസന പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്.
മുത്തങ്ങ സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇപ്പോഴത്തെ സർക്കാരാണ് ഭൂമി നൽകിയത്. തദ്ദേശീയ ജനതക്കിടയിലുള്ള ദാരിദ്ര്യത്തിന്‍റെ തോത് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ഇതിനെ മറികടന്ന് മുന്നോട്ട് പോകാൻ യുവാക്കളുടെ കഴിവുകൾ പ്രയോജനപ്പെടുത്തണം. ലൈഫ് മിഷൻ പദ്ധതിയിലൂടെ മൂന്നര ലക്ഷത്തോളം വീടുകൾ ഇതിനോടകം നൽകി. 8394 പട്ടികവർഗ കുടുംബങ്ങൾക്ക് വീട് ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.