തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ സമരങ്ങൾക്കെതിരെ രൂക്ഷ വിർമശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വഴിയുമില്ലെങ്കില്‍ സമരക്കാർക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാർത്ഥത്തില്‍ അത് സമരമല്ല, നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ട പ്രവൃത്തിയാണ്. സമരങ്ങൾക്ക് ആരും എതിരല്ല. അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പ് തന്നെ അപകടപ്പെടുത്തി കൊണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാരീരിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും അലറുകയും തുപ്പുകയും കെട്ടിപ്പിടിക്കുകയും പൊലീസുമായി മല്‍പ്പിടിത്തം നടത്തുകയും ചെയ്യുന്ന സമരം നാടിനെ എത്ര വലിയ വിപത്തിലേക്കാണ് നയിക്കുകയെന്ന് നേതാക്കൾക്ക് മനസിലായില്ലെങ്കില്‍ അണികളെങ്കിലും അതിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭീതി ജനകമായ അന്തരീക്ഷവും രോഗവ്യാപന സാധ്യതയും നിലനിൽക്കുന്നു. അത് തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുമ്പോൾ അതൊന്നും ബാധകമല്ലെന്ന തരത്തിൽ ചിലർ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.