തിരുവനന്തപുരം : രാജ്ഭവനെ ആര്‍.എസ്.എസ് കാര്യാലയമാക്കി മാറ്റിയ ഗവര്‍ണറുടെ ഇടപാടുകള്‍ക്ക് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയത് മതേതര കേരളത്തോടുകാട്ടിയ കൊടുംവഞ്ചനയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം ആക്ഷേപിച്ചു.
ആര്‍.എസ്.എസ് നേതാവിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടതാണ്. ഒരുദ്യോഗസ്ഥന്‍ ഒരിക്കലും ഗവര്‍ണര്‍ക്ക് ഇങ്ങനെ കത്തെഴുതില്ല. മുഖ്യമന്ത്രിക്കുവേണ്ടി എഴുതിയ കത്താണിത്. ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തുകൊണ്ട് അദ്ദേഹം സ്വന്തം മുഖത്താണ് കാര്‍ക്കിച്ചുതുപ്പിയത്. ഗവര്‍ണറുടെ മുഖം രക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുഖം തീര്‍ത്തും വികൃതമായി. സി.പി.എം ബി.ജെ.പി അന്തര്‍നാടകം പരസ്യമായെന്നതാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലൂടെ വ്യക്തമായത്.
എല്ലാ വിഷയത്തിലും സി.പി.എം ബി.ജെ.പി ധാരണ
എല്ലാതരത്തിലുമുള്ള ഒത്തുതീര്‍പ്പുകളാണ് സി.പി.എമ്മും ബി.ജെ.പിയും നടത്തുന്നത്. ബി.ജെ.പിയുടെ പൂര്‍ണ പിന്തുണയോടെയാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍വകലാശാല വിസി നിയമനം, ലോകായുക്ത ഓര്‍ഡിനന്‍സ് തുടങ്ങി എല്ലാ വിഷയത്തിലും സി.പി.എം ബി.ജെ.പി ധാരണയാണ് കാണുന്നത്. ഭരണഘടനാ പദവികള്‍ വച്ചാണ് കേരള ഗവര്‍ണര്‍ വിലപേശല്‍ നടത്തുന്നത്.
സ്ഥാനം എത്രമാത്രം അധഃപ്പതിപ്പിക്കാമെന്ന് ഈ ഗവര്‍ണറെ കണ്ടുപഠിക്കണം. ആര്‍.എസ്.എസ് നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനാണ് ഗവര്‍ണറുടെ സ്റ്റാഫില്‍ ആര്‍.എസ്.എസുകാരെ കുത്തിനിറക്കുന്നതും. അതിന് മുഖ്യമന്ത്രി ഓശാന പാടുകയാണ്. മതേതതര കേരളത്തില്‍ അപകടകരമായ കളിയാണിതെന്നും സുധാകരന്‍ പറഞ്ഞു.