തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ ഇ.ശ്രീധരനിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ കച്ചവടമാണെന്നും ബിജെപിയുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കിയെന്നും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ ആക്ഷേപം.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികൾ മത്സരിക്കുന്ന തൃശൂരും തിരുവനന്തപുരത്തും ബിജെപി സ്ഥാനാർഥികൾക്ക് സിപിഎം പിന്തുണ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. മറ്റ് സ്ഥലങ്ങളിൽ സിപിഎമ്മിനെ ബിജെപി രഹസ്യമായി സഹായിക്കും. ഇതിന്‍റെ മുന്നോടിയായാണ് കെ.വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച ആരംഭിച്ചിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
നരേന്ദ്രമോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി തോമസും ബിജെപി വക്താവായ ഇ.ശ്രീധരനും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ച അമിത് ഷായുടെ നിർദേശ പ്രകാരമാണെന്നും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ.ശ്രീധരനിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ തള്ളി മെട്രോമാന്‍ : സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും പിന്തിരിയാന്‍ കൂട്ടാക്കിയിട്ടില്ലാത്ത സെമി ഹൈ സ്‌പീഡ് സില്‍വര്‍ലൈനിനെ പൂര്‍ണമായും തള്ളി മെട്രോമാന്‍ ഇ.ശ്രീധരന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പദ്ധതിയില്‍ മാറ്റം വരുത്തിയാല്‍ സില്‍വര്‍ ലൈന്‍ പ്രായോഗികമാണെന്ന തരത്തില്‍ താന്‍ അഭിപ്രായ പ്രകടനം നടത്തിയതായുള്ള മാധ്യമ വാര്‍ത്തകള്‍ തള്ളിയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസുമായി പൊന്നാനിയിലെ വസതിയില്‍ നടന്ന സംഭാഷണങ്ങള്‍ക്ക് ശേഷമാണ് താന്‍ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയെന്ന നിലയില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് വ്യക്തമാക്കിയ ശ്രീധരന്‍, സില്‍വര്‍ ലൈന്‍ തികച്ചും അപ്രായോഗികമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
എന്തുകൊണ്ട് സില്‍വര്‍ ലൈന്‍ വേണ്ട : സില്‍വര്‍ ലൈന്‍ കേരളത്തിന് ഒരിക്കലും പ്രായോഗികമല്ലെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഏകദേശം 400 കിലോമീറ്റര്‍ ദൂരത്തില്‍ അതിവേഗ പാത നിര്‍മിക്കാം എന്നതാണ് തന്‍റെ പ്രൊജക്‌ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ രാഷ്ട്രീയം നോക്കാതെ ഈ പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ തികച്ചും അപ്രായോഗികമാണെന്നും നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായും മണ്‍തിട്ടകളിലൂടെയും പാത കൊണ്ടുപോവുക എന്നതാണ് കെ റെയില്‍ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി ഏകദേശം 3000 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്നും പാതയുടെ ഇരുഭാഗത്തും മതില്‍കെട്ടി വേര്‍തിരിക്കുന്നതോടെ ഫലത്തില്‍ ഏകദേശം 295 കിലോമീറ്ററോളം കേരളം രണ്ടായി വെട്ടിമുറിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും ഇ.ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
പകരം എന്ത് : അതേസമയം തുരങ്കങ്ങളും ആകാശപാതകളും (എലവേറ്റഡ് ഹൈവേ) മാത്രമാണ് കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമെന്നാണ് ഇ.ശ്രീധരന്‍റെ വാദം. ഇതിന് ഒരിഞ്ച് ഭൂമി പോലും വിലകൊടുത്ത് ഏറ്റെടുക്കേണ്ടി വരില്ലെന്നും എലവേറ്റഡ് ട്രാക്ക് നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ കുറച്ച് ഭൂമിയുടെ ആവശ്യം വരുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി ഭൂവുടമകളില്‍ നിന്ന് പാട്ടത്തിനെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.