തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ സഹകരണ മന്ത്രാലയ നിർമാണത്തിനെതിരെ രമേശ് ചെന്നിത്തല. സുപ്രധാന വകുപ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനങ്ങൾക്കെതിരെ സെക്യുലർ പാർട്ടികൾ ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കണമെന്നും സംഘ പരിവാർ, ബിജെപി നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ ഈ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും സംസ്ഥാന സർക്കാരുകളുടെ കോഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളം, മഹാരാഷ്‌ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായി പ്രവർത്തിക്കുന്നവയാണ് കോർപ്പറേറ്റീവ് സൊസൈറ്റികൾ. വിഷയത്തിൽ ഇടപെടൽ നടത്താനായി പ്രതിപക്ഷ പാർട്ടികൾ രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം നിർമിച്ചതിന് പിന്നിലെ ലക്ഷ്യം മനസിലാക്കിയതിന് ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നായിരുന്നു കേരള സർക്കാരിന്‍റെ നിലപാട്. കോഓപറേറ്റീവ് സൊസൈറ്റികൾ സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽപെടുന്നതായതിനാൽ സംസ്ഥാനങ്ങൾ ആശങ്ക അറിയിക്കുന്നത് സാധാരണമാണെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല അമിത് ഷാക്കാണ് നൽകിയിരിക്കുന്നത്.
READ MORE: സഹകരണ മേഖലയ്ക്ക് മന്ത്രാലയം രൂപീകരിച്ച് മോദി സര്‍ക്കാര്‍