തിരുവനന്തപുരം: തെറ്റ് ചെയ്യാത്തിടത്തോളം ഒരിഞ്ച് പോലും തലകുനിക്കില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. പ്രതിപക്ഷം പറയുന്നത് കാലവും ചരിത്രവും വിലയിരുത്തും. ശൂന്യതയിൽ നിന്ന് കഥയുണ്ടാക്കുന്ന തോന്നിവാസം പ്രതിപക്ഷം അവസാനിപ്പിക്കണം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ സർക്കാരിനെ അടിക്കാൻ കഴിയാതെ വന്നപ്പോൾ സ്പീക്കറുടെ നെഞ്ചത്ത് അടിക്കുകയാണ് പ്രതിപക്ഷം. സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ശ്രീരാമകൃഷ്ണൻ. ഓരോ നേട്ടങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു സ്പീക്കറുടെ മറുപടി.
പ്രതിപക്ഷത്തിനെതിരെയും സ്പീക്കര്‍ രൂക്ഷ വിമർശനമാണുന്നയിച്ചത്. കെഎസ്‌യു പ്രസിഡന്‍റിനെ പോലെയാണ് രമേശ് ചെന്നിത്തല ഇന്നും സംസാരിക്കുന്നത്. അദ്ദേഹം രാഷ്ട്രീയ വളര്‍ച്ച കാണിക്കണമെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ ഒരേ സമയം കത്തി, മിനുക്ക് വേഷങ്ങൾ ആടുന്ന പകർന്നാട്ടക്കാരെനെപ്പോലെയാണ്. പ്രമേയം ചർച്ച ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും സ്പീക്കർ പറഞ്ഞു. പത്രവാർത്തകളുടെ പിന്നിൽ പോയി കിണ്ണം കട്ടോ എന്ന് ചോദിക്കാൻ മാത്രം വിഡ്ഡിയല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. ഖുറാൻ സൂക്തങ്ങൾ ഉൾപ്പടെ ഉദ്ധരിച്ചായിരുന്നു സ്പീക്കറുടെ മറുപടി. പലപ്പോഴും പ്രസംഗം ഇടറുകയും ചെയ്യുന്നുണ്ടായിരുന്നു.