തിരുവനന്തപുരം: മുൻ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധി ചട്ടപ്രകാരം തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത ആക്‌ടിന്‍റെ പരിധിക്കുള്ളിൽ നിന്നു കൊണ്ടാണ് അവർ തീരുമാനമെടുത്തിട്ടുള്ളതെന്നും അത് നിയമവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ മുഖം രക്ഷിക്കാനായി എജിയുടെ കൈയിൽ നിന്നും നിയമോപദേശം എഴുതി വാങ്ങാനുള്ള പ്രവൃത്തിയാണ് സർക്കാർ ചെയ്യുന്നത്. മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. സ്റ്റേ കിട്ടില്ലെന്നു ഉറപ്പായപ്പോഴാണ് ഒടുവിൽ രാജി വച്ചത്. കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസിലായെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഗവൺമെന്‍റാണ് നിലവിലുള്ളെതന്നും അദ്ദേഹം ആരോപിച്ചു.
കൂടുതൽ വായനയ്‌ക്ക്: ബന്ധുനിയമന വിവാദം : മന്ത്രി കെ.ടി ജലീൽ രാജിവച്ചു
മുഖ്യമന്ത്രിക്കെതിരെയും ചെന്നിത്തല ശക്തമായി പ്രതികരിച്ചു. ഈ കേസിലെ മുഖ്യ പ്രതി അദ്ദേഹമാണ്. ജലീലിന്‍റെ ശുപാർശ അംഗീകരിച്ചത് മുഖ്യമന്ത്രിയാണ്. ആ ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യന് ഒഴിഞ്ഞ് മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ റിട്ട് ഹർജി നൽകുമെങ്കിൽ രാജി നാടകം എന്തിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. ധാർമികതയുടെ രാജിയല്ല ജലീലിന്‍റേതെന്നും കെപിസിസി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
കൂടുതൽ വായനയ്‌ക്ക്: ജലീലിനെതിരായ ലോകായുക്ത വിധി: സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം