തിരുവനന്തപുരം: സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ നിയമസഭ ചട്ടം ദുർവ്യാഖ്യാനിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭാ സാമാജികർക്കുള്ള ഭരണഘടന പരിരക്ഷ മറ്റുള്ളവർക്ക് ലഭിക്കില്ലെന്ന് കേരള നിയമസഭയിൽ നേരത്തെ തന്നെ റൂളിങ് ഉണ്ട് . നിയമവ്യവസ്ഥയെ പരിപാലിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ സ്വന്തം മുഖം രക്ഷിക്കുന്നതിനു വേണ്ടി നിയമസഭ ചട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് നിയമവ്യവസ്ഥ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
ഡോളർ കടത്ത് പോലുള്ള ഹീനമായ ഒരു കേസിന്‍റെ അന്വേഷണത്തെയാണ് സ്പീക്കറും അദ്ദേഹത്തിന്‍റെ ഓഫീസും തടസപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇത് ഗൗരവമേറിയ കാര്യമാണ്. നിയമസഭാ സാമാജികർക്കുള്ള ഭരണഘടന പ്രകാരമുള്ള പരിരക്ഷ അവരുടെ സ്റ്റാഫിനും ലഭിക്കുമെന്ന സ്പീക്കറുടെയും ഓഫീസിന്‍റെയും നിലപാട് നിയമാനുസൃതം അല്ല. നേരത്തെ ലൈഫ് മിഷനിൽ അഴിമതി അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ചില ഫയലുകൾ ഇ. ഡി ആവശ്യപ്പെട്ടപ്പോൾ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി ദുരുപയോഗപ്പെടുത്തി അത് തടയാനുള്ള ശ്രമം ഉണ്ടായി. ഈ അട്ടിമറി ശ്രമത്തിന്‍റെ തുടർച്ചയായി വേണം ഇപ്പോഴത്തെ നീക്കത്തെ കാണാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.