തിരുവനന്തപുരം: ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്‌ച (08.01.2023) ഡോക്‌ടർമാർ ആരും ഇല്ലാതിരുന്ന സംഭവത്തിൽ മെഡിക്കൽ ഓഫീസർ ഇൻചാർജിന് സസ്പെൻഷൻ. മെഡിക്കൽ ഓഫീസർ ഡോക്‌ടർ ടി.എ റെജിനോൾഡിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്. ഡിഎംഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ നിർദ്ദേശത്തെ തുടർന്ന് വകുപ്പ് ഡയറക്‌ടർ ഉത്തരവിറക്കിയത്.
മൂന്ന് ഡോക്‌ടർമാർ ഉള്ള ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്‌ച ആരും എത്തിയിരുന്നില്ല. ഇതോടെ ഒപിയുടെ പ്രവർത്തനം പൂർണമായും സ്‌തംഭിച്ചിരുന്നു. ഇന്ന് ഒ.പി പ്രവർത്തിക്കുന്നില്ല എന്ന ബോർഡും ആശുപത്രിയിൽ സ്ഥാപിച്ചിരുന്നു.
ദിവസവും ആയിരത്തോളം പേരാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. ഡോക്‌ടർ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ പ്രതിഷേധിച്ചു. ഇതോടെ പൂവാർ ആശുപത്രിയിൽ നിന്ന് ഉച്ചയോടെ ഡോക്‌ടർ എത്തിയാണ് രോഗികളെ പരിശോധിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അന്വേഷിച്ച് കർശനമായ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയുടെ ചുമതലയുള്ള ഡോക്‌ടർ വീഴ്‌ച വന്നതായി കണ്ടെത്തിയത്.