തിരുവനന്തപുരം: മാധ്യപ്രവര്‍ത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മനപൂര്‍വ്വം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്‌ത കുറ്റങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം നടത്തിയത്. താനല്ല രണ്ടാം പ്രതി വഫ ഫിറോസാണ് കാറോടിച്ചതെന്നായിരുന്നു അപകടസമയത്ത് സ്ഥലത്തെത്തിയ പൊലീസിനോട് ശ്രീറാം പറഞ്ഞത്. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബഷീറിനെ ആശുപത്രിയിലെത്തിച്ച ശേഷം ആംബുലന്‍സില്‍ തിരികെ മ്യൂസിയം സ്റ്റേഷനിലേക്ക് മടങ്ങിയ ശ്രീറാം തനിക്കും പരിക്കേറ്റെന്നും ചികിത്സ വേണമെന്നും പൊലീസിനോട് പറഞ്ഞു.
ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന് പരിശോധനയില്‍ പരിക്കുകളൊന്നുമില്ലെന്ന് ഡോക്‌ടര്‍ അറിയിച്ചു. എന്നാല്‍ വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ടു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്ന് ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ പരിശോധിച്ച ഡോ.രാകേഷ് എസ് കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം സ്റ്റേഷനിലെ എസ്.ഐയുടെ മൊഴിയിലുണ്ടെന്ന് കുറ്റപത്രം പറയുന്നു. തുടര്‍ന്ന് ശ്രീറാം തന്‍റെ സുഹൃത്തായ ഡോ.അനീഷ് രാജിനെ വിളിച്ചു വരുത്തുകയും മെഡിക്കല്‍ കോളജിലേക്ക് പോകാതെ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ചികിത്സയ്ക്കായി കിംസിലെത്തിയ ശ്രീറാം തന്‍റെ കാര്‍ ബൈക്കിലിടിച്ച് ബഷീറിന് അപകടം പറ്റിയ കാര്യ മനപൂര്‍വ്വം മറച്ചുവച്ചു. ഇക്കാര്യം കിംസിലെ ഡോക്‌ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ മതിലിലിടിച്ചാണ് അപകമുണ്ടായതെന്നും താനല്ല കാറോടിച്ചിരുന്നതെന്നും ശ്രീറാം കിംസിലെ ഡോക്‌ടര്‍മാരോട് പറഞ്ഞിരുന്നു. കിംസ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ.ശ്രീജിത് എന്നിവരുടെ നിര്‍ദേശ പ്രകാരം ചികിത്സയുടെ ആവശ്യത്തിനായി രക്തമെടുക്കാന്‍ നഴ്‌സിനോട് നിര്‍ദേശിച്ചെങ്കിലും രക്തമെടുക്കാന്‍ ശ്രീറാം അനുവദിച്ചില്ല. ഇക്കാര്യം കേസ് ഷീറ്റില്‍ നഴ്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂര്‍വ്വം തെളിവ് നശിപ്പിക്കുകയായിരുന്നു ശ്രീറാം വെങ്കിട്ടരാമിന്‍റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.