തിരുവനന്തപുരം : നിയമസഭയിലെ അനുസ്‌മരണയോഗത്തിന് സാക്ഷിയായി ഉമ്മൻ ചാണ്ടിയുടെ മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും. സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ക്ഷണപ്രകാരമാണ് ഇരുവരും നിയമസഭയിലെത്തിയത്. കഴിഞ്ഞ ദിവസം പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമാണ് ഷംസീർ കുടുംബാംഗങ്ങളെ നിയമസഭയിലേക്ക് ക്ഷണിച്ചത്.
അരനൂറ്റാണ്ടിനുശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ നിയമസഭ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും വക്കം പുരുഷോത്തമനും ചരമോപചാരമർപ്പിച്ച് സഭ പിരിയും.
അതേസമയം, നിയമസഭ സമ്മേളനം 24 വരെ നീളും. കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നിവയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പരിഗണിക്കുന്നത്.
കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നീ സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലുകളും പരിഗണിക്കുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അത്രിക്രമം തടയുന്നതിനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ, കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ എന്നിവയും നിയമസഭ സമ്മേളനത്തിൽ പരിഗണിക്കുമെന്ന് സ്‌പീക്കർ അറിയിച്ചിരുന്നു.
ALSO READ : അവസാനിച്ചത് രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി ; ഉമ്മന്‍ചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്‌മരിച്ച് നിയമസഭ
'എന്നും പ്രിയങ്കരം കേരള നിയമസഭ' : ഉമ്മന്‍ ചാണ്ടിക്ക് എന്നും പ്രിയങ്കരം കേരളനിയമ സഭയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്‌മരണ യോഗത്തിൽ വ്യക്‌തമാക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടായിരുന്ന സമയത്തും അദ്ദേഹം കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു. കാര്യക്ഷമതയും കഴിവുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്‍റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്‌ട്രീയമായി ഇരുചേരിയില്‍ ആയിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിരുന്നില്ലെന്നും പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ആത്മാർഥത പുതുതലമുറയ്ക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനക്കൂട്ടമായിരുന്നു ഉമ്മൻചാണ്ടിയുടെ ഇന്ധനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിപ്രായപ്പെട്ടു. ചെറിയ സങ്കടങ്ങളുമായി വരുന്നവരെ പോലും ആശ്വാസവാക്കുകളാൽ അദ്ദേഹം ചേർത്ത് നിർത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച് സാധാരണക്കാരെ മറക്കാത്ത നേതാവായിരുന്നു. ജനസമ്പർക്ക പരിപാടിയിലൂടെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ഉത്തരവുകൾ പോലും ഇറക്കിയിരുന്നു.
സാധാരണക്കാരെ ബാധിക്കുന്ന ഏല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ടു. അചഞ്ചലമായ നിയമ വിശ്വാസം പുലർത്തിയ നേതാവായിരുന്നു. നീതിമാനായ നേതാവ് മരണത്തിന് ശേഷം ജനമനസിൽ ഉയർത്തെഴുന്നേറ്റുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.