തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശം പ്രവര്‍ത്തകരില്‍ മുറിവുണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. സമൂഹത്തില്‍ സംഘടനയെ മോശക്കാരാക്കുന്നതായിരുന്നു പരാമര്‍ശം. ഈ മുറിവ് ഉണക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുചേത കൃപലാനി എന്നിവര്‍ ചേര്‍ന്ന് 1947 മേയ് മാസത്തിലാണ് ഐ.എന്‍.ടി.യു.സി രൂപീകരിച്ചത്. എ.ഐ.സി.സിയുടെ വെബ്‌സൈറ്റില്‍ പോഷക സംഘടനയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
'പണിമുടക്ക് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു': ഇവയൊന്നും പരിഗണിക്കാതെയുള്ള സതീശന്‍റെ പരാമര്‍ശം പ്രവര്‍ത്തകരില്‍ അനാഥര്‍ എന്ന് തോന്നലുണ്ടാക്കി. 18 ലക്ഷം അംഗങ്ങളുള്ള സംഘടനയാണ് ഐ.എന്‍.ടി.യു.സി. ഒരാളെ സംഘടനയില്‍ ചേര്‍ക്കുമ്പോള്‍ ആ കുടുംബം കോണ്‍ഗ്രസില്‍ ചേരുകയാണ്. പ്രതിപക്ഷ നേതാവ് ഇത് മനസിലാക്കണം.
ദേശീയ പണിമുടക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ അറിയിച്ച് തന്നെയാണ് നടത്തിയത്. ചില അസൗകര്യങ്ങള്‍ ഉണ്ടായാല്‍ ആ സമരത്തെ അടച്ചാക്ഷേപിക്കരത്. സതീശന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എന്തിനെന്ന് സതീശനോട് തന്നെ ചോദിക്കണം. സംഘടനയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്‍റാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ALSO READ | ഐഎന്‍ടിയുസി-വിഡി സതീശന്‍ തര്‍ക്കം: തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഐ.എന്‍.ടി.യു.സിയും തമ്മിലുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരന്‍ ഇടപെട്ടിരുന്നു. ഒന്നരമണിക്കൂറോളമാണ് കെ സുധാകരന്‍ ആര്‍ ചന്ദ്രശേഖരനുമായി ഇന്ന് ചര്‍ച്ച നടത്തിയത്. തിരുവനന്തപുരത്തെ സുധാകരന്‍റെ വസതിയിലായിരുന്നു ചര്‍ച്ച. എന്നാല്‍ ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെന്ന സൂചനയാണ് ചന്ദ്രശേഖരന്‍റെ പ്രതികരണം നല്‍കുന്നത്.