തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്ട്മെന്‍റ് നടപടികൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഈ മാസം 25-ാം തിയതിയാണ് അലോട്ട്മെന്‍റിനായുള്ള ഓപ്ഷൻ നൽകാനുള്ള അവസാന തിയതി. സംസ്ഥാനത്തെ സർക്കാർ/എയ്‌ഡഡ്/കോസ്റ്റ് ഷെയറിങ്/സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലെ വിവിധ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ സമർപ്പിക്കാം.
www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്ഷനുകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്: ഓപ്ഷനുകൾ നൽകുന്നതിന് മുൻപ് 2000 രൂപ ഫീസ് ഓൺലൈനായി അടക്കണം. തുടർന്ന് വേണ്ട കോഴ്‌സും കോളജുകളും തെരഞ്ഞെടുക്കുക. ആദ്യഘട്ട താത്‌കാലിക അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് 29നുമാണ് പ്രസിദ്ധീകരിക്കുക. ആദ്യ അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാർഥികൾ കോളജിൽ ചേരേണ്ടതില്ല.
ഫാർമസി ആർക്കിടെക്‌ചര്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം എഞ്ചിനീയറിങ്ങിന്‍റെ രണ്ടാം അലോട്ട്മെന്‍റ് നടപടികൾക്ക് ഒപ്പം നടത്താനാണ് സാധ്യത. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറായ 0471 2525300 എന്നതിൽ ബന്ധപ്പെടാം.
ഇക്കഴിഞ്ഞ ജൂൺ 19നായിരുന്നു എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 4,96,071 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. എഞ്ചിനീയറിങ് എൻട്രൻസ് എഴുതാത്ത വിദ്യാർഥികൾക്കും സ്വാശ്രയ കോളജുകളിൽ എഞ്ചിനീയറിങ്ങിന് ചേരാം. അലോട്ട്മെന്‍റിന് ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് ആയിരിക്കും പ്രവേശനം. പ്ലസ് ടു പരീക്ഷയിൽ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിൽ 45 ശതമാനം മാർക്ക് നേടി വിജയിച്ച വിദ്യാർഥികൾക്കാണ് ഈ അവസരം.