തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടി രാഷ്ട്രീയ നാടകമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്‌ജു. പൗരത്വം കേന്ദ്രത്തിന്‍റെ പരിധിയിൽ വരുന്ന വിഷയമാണ്. ഇതിൽ നിയമസഭയ്ക്ക് ഒരു അധികാരവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ചു നിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇരുകൂട്ടരും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണ്. ഭരണഘടന തലവൻ എന്ന നിലയിൽ ഗവർണർക്ക് നിയമസഭയിലെ വിഷയങ്ങളിൽ ഇടപെടാം. കേരള ഗവർണറും ഇത് തന്നെയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഗൃഹ സന്ദർശന പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയതാണ് കേന്ദ്രമന്ത്രി.
പൗരത്വത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. അക്രമ സമരങ്ങൾ നടത്തുന്നത് രാജ്യത്തിന്‍റെ വികസനത്തെ ബാധിക്കുന്നു. ജനാധിപത്യ രീതിയിൽ സമാധാന പ്രതിഷേധങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അക്രമ സമരമായി മാറരുത്. പൗരത്വ ഭേദഗതി നിയമം ആർക്കും എതിരല്ല. എല്ലാവർക്കും പൗരത്വം കൊടുക്കാൻ ആകില്ല. ക്രിമിനൽ സ്വഭാവമുള്ളവരെ എങ്ങനെ രാജ്യം ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.