തിരുവനന്തപുരം: പ്രളയങ്ങളും ദുരന്തങ്ങളും ഏല്‍പ്പിച്ച കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് തീവ്രശ്രമത്തിലേര്‍പ്പെട്ടു നില്‍ക്കുന്ന കേരളത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നു പോരുന്നതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ പ്രമേയം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ളത് ജന്മി-അടിയാന്‍ ബന്ധമല്ല എന്നിരിക്കെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കേരളത്തോട് കാണിക്കുന്ന അവഗണന എല്ലാ സീമകളും ലംഘിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് സി പി ഐ സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി.
2019ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908.54 കോടി രൂപ അനുവദിക്കാന്‍ അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചപ്പോള്‍ ഒരു രൂപ പോലും കേരളത്തിന് നല്‍കാന്‍ തയ്യാറായില്ല. ദേശീയ ഭുരിതാശ്വാസനിധി സംസ്ഥാനങ്ങള്‍ക്കുള്ള ഔദാര്യമാണെന്നാണ് ബി.ജെ.പി സര്‍ക്കാര്‍ ധരിച്ചിരിക്കുന്നത്. ന്യായമായ വിഹിതം എന്നത് ഔദാര്യമല്ല, സംസ്ഥാനങ്ങളുടെ അവകാശമാണ് എന്നിരിക്കെ കേരളത്തിലെ ദുരന്ത ബാധിതരോട് കടുത്ത ക്രൂരതയാണ് മോദി സര്‍ക്കാര്‍ കാട്ടിയിരിക്കുന്നതെന്നും പ്രമേയത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു. സംസ്ഥാന വരുമാനത്തിന്റെ 30 ശതമാനം കേന്ദ്ര ഗ്രാന്‍റോ വായ്പയോ ആണ്. സംസ്ഥാന വരുമാനത്തിന്‍റെ മൂന്ന് ശതമാനമാണ് വായ്പയായി അനുവദിക്കുക. ഇത് വെട്ടിക്കുറച്ചിരിക്കുകയാണെന്നും കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്‍റുകളും വെട്ടിക്കുറച്ചുവെന്നും പ്രമേയത്തിൽ പറയുന്നു.
ജി.എസ്.ടി നഷ്ടപരിഹാരമായി കേരളത്തിനു ലഭിക്കേണ്ട കുടിശികയും നല്‍കുന്നില്ല. മുന്‍കാല കേന്ദ്ര സര്‍ക്കാരുകളൊന്നും കാട്ടാത്ത അനീതിയാണിതെന്നും തൊഴിലുറപ്പിന്‍റെ കുടിശിക നല്‍കാന്‍ കാട്ടുന്ന അലംഭാവം മൂലം കേരളത്തിന്‍റെ ഗ്രാമീണ ജനത കൂടുതല്‍ ബുദ്ധിമുട്ടിലാവുന്നുവെന്നും പ്രമേയത്തിൽ പറയുന്നുണ്ട്. ടീ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാളികേര ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവക്കുള്ള സഹായത്തില്‍ കുറവു വരുത്തിയതും കേരളത്തിന്റെ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുകയാണ്. ഈ ക്രൂര നടപടികളുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് രാഷ്ട്രീയ പ്രേരിതമായാണ്. മോദി സര്‍ക്കാര്‍ കേരളത്തോടു കാട്ടുന്ന ക്രൂരമായ അവഗണനക്കും വിവേചനത്തിനുമെതിരെ ജനതയൊന്നാകെ രംഗത്തിറങ്ങണമെന്നും കൗണ്‍സില്‍ പ്രമേയത്തില്‍ പറയുന്നു. രണ്ടു ദിവസത്തെ കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച സമാപിക്കും.