തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിശകലനം ചെയ്യാന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച ഡോക്ടര്‍ രുചി ജെയ്ന്‍, നെഞ്ച് രോഗ വിദഗ്‌ധനായ വിനോദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ വിദഗ്‌ധ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്. സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്രസംഘത്തെ നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന കേന്ദ്ര സംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തിരുവനന്തപുരം കലക്ടര്‍ നവജ്യോത് ഖോസയുമായും ഡി.എം.ഒ ഡോക്ടര്‍ ഷിനു എന്നിവരുമായും സംഘം ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. തലസ്ഥാനത്തെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളായ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ പ്രവര്‍ത്തനവും കണ്ടെയ്‌മെന്‍റ് സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംഘം പരിശോധിക്കും.
ചൊവ്വാഴ്‌ച കൊല്ലം ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട ജില്ലയിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ സംഘം നിര്‍ദേശിക്കും. ടെസ്റ്റ് പോസിറ്റി നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര സർക്കാർ വിദഗ്‌ധ സംഘത്തെ അയച്ചിട്ടുണ്ട്.
READ MORE: കൊവിഡ് രോഗികൾ വർധിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്ര സംഘം; കേരളവും പട്ടികയിൽ