തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ ഏത് കാലാവസ്ഥയേയും അതിജീവിക്കുന്നതിന് പുത്തൻ നിർമാണ വിദ്യയുമായി പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെഎച്ച്ആര്‍ഐ (കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്). റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന പാറകളിലെ അമ്ലമാണ് (അസിഡിറ്റി) റോഡ് തകര്‍ച്ചയ്‌ക്ക് കാരണം. സിമന്‍റും കുമ്മായവും ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാമെന്നും റിസർച്ച് സംഘം പറയുന്നു. മഴക്കാലത്ത് കേരളത്തിലെ റോഡുകളില്‍ ഭൂരിഭാഗവും തകരുന്നതിന് തടയിടുന്നതിനായാണ് പഠനം നടത്തിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ടാറിങ്ങിനായി ഉപയോഗിക്കുന്ന പാറകൾ പരിശോധിച്ചാണ് പഠനം നടത്തിയത്.
കെഎച്ച്ആര്‍ഐയുടെ പഠന റിപ്പോർട്ട്: കേരളത്തിലെ പാറകളില്‍ സിലിക്കയുടെ അതിപ്രസരം കൂടുതലാണ്. ഇത് പാറകളുടെ അമ്ല സ്വഭാവം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേർക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാൾ ആകർഷണം വെള്ളത്തോട് ഉണ്ടാകുന്നു. അത് കൂടുതൽ ഈര്‍പ്പം തങ്ങി നില്‍ക്കാനും അതുവഴി റോഡ് തകരാനും കാരണമാകും.
അമ്ല സ്വഭാവം കുറച്ച് റോഡിനെ കരുത്തുറ്റതാക്കാൻ ഹൈഡ്രൈറ്റഡ് ലൈം (കുമ്മായം), സിമന്‍റ് എന്നിവ ചേർത്ത് റോഡ് നിര്‍മിക്കണം. റോഡ് നിര്‍മാണത്തിന് ബിറ്റുമിന്‍ മിക്‌സ് തയ്യാറാക്കുമ്പോള്‍ അതില്‍ ആകെ ഉപയോഗിക്കുന്ന പാറയുടെ രണ്ട് ശതമാനം ഹൈഡ്രേറ്റഡ് ലൈം, മൂന്ന് ശതമാനം സിമന്‍റ് എന്നിവ ചേര്‍ക്കണം. ഇത് റോഡിന്‍റെ ആയുസ് കൂട്ടും. നിർമാണത്തിന്‍റെ ഓരോ ഘട്ടത്തിലും ഈർപ്പത്തെ പ്രതിരോധിക്കുമോ എന്ന പരിശോധന (ടിഎസ്ആര്‍ ) നിർബന്ധമാക്കണമെന്നും പഠനത്തില്‍ പറയുന്നു.
ആദ്യഘട്ട പഠനത്തിൽ കേരളത്തിലെ തെക്കൻ ജില്ലകളിലെ വിവിധ ക്വാറികളിൽ നിന്നുള്ള സാമ്പിളുകളാണ് ശേഖരിച്ചത്. പഠനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ മറ്റ് ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കും. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ തുടരും. കേരള സർവകലാശാല ജിയോളജി വിഭാഗത്തിന്‍റെ സഹകരണത്തോടെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 10 പേരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
സിലിക്ക എന്താണ്: മണ്ണ്, കല്ല്, കോണ്‍ക്രീറ്റ്, ഇഷ്‌ടിക എന്നിവയിലെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സിലിക്ക. സിലിക്കണ്‍, ഓക്‌സിജന്‍ എന്നിവയുടെ സംയുക്തമായ സിലിക്കണ്‍ ഡയോക്‌സൈഡാണ് സിലിക്ക. ഭൗമോപരിതലത്തില്‍ ഓക്‌സിജന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികമായി കാണപ്പെടുന്ന മൂലകമാണ് സിലിക്കണ്‍. ഭൂമിയിലെ 28.3 ശതമാനം ഭാഗം സിലിക്കണാണ്. വ്യാവസായിക രംഗത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് സിലിക്ക.
also read: ഇംഗ്ലീഷുകാർ നിർമിച്ച മരപ്പാലത്തില്‍ നിന്ന് പുതിയ മാഹിപ്പാലത്തിലേക്ക് എത്ര ദൂരം...