തിരുവനന്തപുരം: പ്രതികൾ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാൻ ഇടയായതാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്താൻ കാരണമെന്ന് സിബിഐ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സെന്‍റ് പയസ് ടെന്‍ത് കോൺവെന്‍റിലെ താമസക്കാരിയായ സിസ്റ്റര്‍ അഭയ പഠിക്കുന്നതിനായി പുലര്‍ച്ചെ 4.15 ഓടെ എഴുന്നേറ്റിരുന്നു. ശേഷം അടുക്കളയിലെ ഫ്രിഡ്‌ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കാനായി പോയി. ഈ സമയം അടുക്കളയോട് ചേർന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതിസിസ്റ്റർ സ്റ്റെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാൻ ഇടയായി.
ഇക്കാര്യങ്ങൾ സ്ഥാപിക്കാൻ ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷി മൊഴികളും കോടതിക്ക് മുമ്പില്‍ ഉണ്ടെന്നും സിബിഐ പ്രോസിക്യൂട്ടർ അറിയിച്ചു. അഭയ കേസിന്‍റെ അന്തിമവാദം നടത്തുമ്പോഴാണ് പ്രോസിക്യൂട്ടർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ തോമസ് കോട്ടൂരും ഫാ ജോസ് പൂതൃക്കയിലും കോൺവെന്‍റിന്‍റെ സ്റ്റെയർകേസ് വഴി ടെറസിലേക്ക് കയറിപോകുന്നത് കണ്ടു എന്നും പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്ക രാജു സിബിഐ കോടതിയിൽ മൊഴി നൽകിയിരുന്നു.
മാത്രമല്ല പ്രോസിക്യൂഷൻ ആറാം സാക്ഷി കളർകോട് വേണുഗോപാലിനോട് ഫാ. തോമസ് കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയന്നും വേണുഗോപാൽ കോടതിയിൽ മൊഴി നൽകി. ഇക്കാര്യവും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.