തിരുവനന്തപുരം: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം സിബിഐ കോടതി സിജെഎം കോടതിക്ക് കൈമാറി. അഴിമതി നിരോധന നിയമ പ്രകാരമുള്ള വകുപ്പ് ഒഴിവാക്കിയാണ് കോടതി നടപടി സ്വീകരിച്ചത്. കശുവണ്ടി കോർപറേഷൻ മുൻ എം.ഡി കെ.എ രതീഷ്, മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റുമായിരുന്ന ആർ ചന്ദ്രശേഖരൻ, കരാറുകാരനായ ജയ് മോഹൻ എന്നിവരാണ് കുറ്റപത്രത്തിലെ മൂന്ന് പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ വഞ്ചന, ഗൂഡാലോചന എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്.
സിബിഐ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഫസ്റ്റ് ക്ലാസ് ഒഫൻസ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതി സിജെഎം കോടതിക്ക് കുറ്റപത്രം കൈമാറിയത്. ഇത്തരം ചെറിയ വകുപ്പ് പ്രകാരമുള്ള കേസുകൾ സിജെഎം കോടതിയാണ് സിബിഐക്ക് വേണ്ടി നടത്തുക. കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ഇടപാടിൽ 500 കോടിയുടെ ക്രമക്കേട് നടന്നതായാണ് സിബിഐ കേസ്. ഔദ്യോഗിക പദവികൾ വഹിക്കുന്നവരെ അഴിമതി കേസിൽ പ്രതി ചേർക്കണമെങ്കിൽ സർക്കാർ അനുമതി വേണമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിർദേശം. വഞ്ചന കുറ്റത്തിന് ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുക.