എറണാകുളം : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷയില്‍ വിജയിച്ചതായി ഫലം പ്രസിദ്ധീകരിച്ചത് വിവാദമായി. ഇതേ തുടർന്ന് തെറ്റ് തിരുത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ടാണ് വിവാദമായത്.
ആർക്കിയോളജി വിഭാഗത്തില്‍ മൂന്നാം സെമസ്റ്ററിലാണ് എഴുതാത്ത പരീക്ഷയില്‍ വിജയിച്ചതായി ഫലം വന്നത്. റിസൾട്ട് വന്നപ്പോൾ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം മാർക്കോ ഗ്രേഡോ രേഖപ്പെടുത്താതെ വിജയിച്ചുവെന്ന് രേഖപ്പെടുത്തിയതാണ് വിവാദമായത്.
ഇതിനെതിരെ എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലിന് പരാതി നൽകി. എന്നാൽ ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നും സംഭവം വിദ്യാർഥികൾ ശ്രദ്ധയിൽ പെടുത്തിയ ഉടനെ തിരുത്തിയെന്നും പ്രിൻസിപ്പൽ വി.എസ്. ജോയി പറഞ്ഞു.
സാങ്കേതിക പിഴവ് : റിസൾട്ടിൽ മാർക്ക് രേഖപ്പെടുത്താതെ വിജയിച്ചു എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഇതൊരു പിഴവ് മാത്രമാണ്. പിഎം ആർഷോയ്ക്ക് മാർക്ക് ലിസ്റ്റ് നൽകിയിട്ടില്ല. എൻഐസിയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു പിഴവ് സംഭവിച്ചതെന്നും പ്രിൻസിപ്പൽ വി.എസ്. ജോയി പറഞ്ഞു.
എന്നാൽ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത്തരമൊരു പിഴവ് തിരുത്താത്തത് സംശയകരമാണെന്നാണ് കെഎസ്‌യു പറയുന്നത്. ഇതൊരു പുതിയ കാര്യമല്ലെന്നും വ്യാജരേഖകളുണ്ടാക്കി എസ്എഫ്ഐ പ്രവർത്തകർ ആനുകൂല്യം നേടുന്നത് പല കോളജുകളിലും കാണുന്നതാണെന്നും കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.
അതേസമയം കേസുകളിൽ പ്രതിയായതിനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന പിഎം ആർഷോയുടെ ഫലം പ്രസിദ്ധീകരിച്ചതിൽ സംഭവിച്ചത് സാങ്കേതിക പിഴവാണെന്ന് വ്യക്തമാണ്. മാർക്കോ, ഗ്രേഡോ റിസൾട്ടില്‍ ചേർത്തിട്ടില്ല. ആകെ സെമസ്റ്റർ മാർക്ക് പൂജ്യം എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ റിസൾട്ടില്‍ വിജയിച്ചു എന്ന് രേഖപെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഫലം എസ്എഫ്ഐ നേതാവിന്‍റേത് ആയതോടെ ഇത് രാഷ്ട്രീയ ആരോപണമായി മാറുകയായിരുന്നു.
വ്യാജ സർട്ടിഫിക്കറ്റുമായി എസ്എഫ്ഐ നേതാവ്: മഹാരാജാസ് കോളജിലെ പൂർവ്വ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ കെ വിദ്യ വ്യാജരേഖ നിർമിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടിയ വാർത്ത പുറത്തുവന്നതോടെയാണ് പിഎം ആർഷോയുടെ റിസൾട്ടും വിവാദമായത്. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ജോലി നേടിയ സംഭവത്തില്‍ വിദ്യയ്ക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ.വി.എസ് ജോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ആദ്യം കേസ് എടുത്തത്. സംഭവത്തില്‍ കെഎസ്‌യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ രേഖ ചമച്ച് വിവിധ സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി വിദ്യ ജോലി ചെയ്‌തിരുന്നു എന്നാണ് കണ്ടെത്തല്‍.
ഏറ്റവും ഒടുവില്‍ അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്‌ചറർ അഭിമുഖത്തിന് വിദ്യ എത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെയാണ് വ്യാജരേഖയാണെന്ന് പരിശോധനയിൽ വ്യക്തമായത്.
അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തരം പൂർത്തിയാക്കിയ കെ.വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമ്മിച്ചത്. കോളജിന്‍റെ എംബ്ലവും, പ്രിൻസിപ്പലിന്‍റെ സീലും വ്യാജമായി നിർമ്മിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്‌ചററായിരുന്നെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു എന്നാണ് പ്രിൻസിപ്പാളിന്‍റെ പരാതി.
ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് വിദ്യ ഒരു വർഷം മുൻപ് പാലക്കാട്ടെ ഒരു സർക്കാർ കോളജിൽ ജോലി നേടിയിരുന്നു. മലയാളം വിഭാഗത്തിൽ 2021- 22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുകയും ചെയ്‌തിരുന്നു. ഇതേ തുടർന്ന് കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയിരുന്നു.
പത്ത് വർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്‌ചറർ നിയമനം വേണ്ടി വന്നിട്ടില്ലന്ന് പ്രിൻസിപ്പൽ വി.എസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേ തുടർന്നാണ് ഇന്നലെ പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.