പാർട്ടിക്ക് മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കുന്ന പരിപാടി കമ്മ്യൂണിസ്റ്റ് രീതിയല്ല. അങ്ങനെ എപ്പോഴെല്ലാം വ്യക്തികൾ പാർട്ടിക്ക് മുകളിലെത്തിയിട്ടുണ്ടോ അപ്പോഴെല്ലാം പാർട്ടി അത് തിരുത്തിച്ചിട്ടുമുണ്ട്.
എംവി രാഘവനില്‍ തുടങ്ങി വിഎസ് അച്യുതാനന്ദനിലും പിന്നീട് പി ജയരാജനിലും ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയനിലേക്ക് എത്തുമ്പോൾ ആരാധനയുടെ തലം മാറിത്തുടങ്ങി. വിഎസ് പാർട്ടിക്ക് മീതെ പറന്നപ്പോൾ പാർട്ടിയാണ് വ്യക്തികളല്ലെന്ന് അണികളോട് പറഞ്ഞ പിണറായി ഇന്ന് ക്യാപ്റ്റനാണ്.
സിപിഎമ്മില്‍ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പ് കാലത്താണ് ഇത്തരം ആരാധന പല രൂപത്തില്‍ പുറത്തുവരാറുള്ളത്. ക്യാപ്റ്റനെന്ന വിളി ആരാധനയാണോ അല്ലയോ എന്ന കാര്യത്തില്‍ തർക്കം നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ നയിക്കുന്നയാൾ എന്ന നിലയില്‍ അണികൾ വിളിച്ചുതുടങ്ങിയതാണ് ക്യാപ്റ്റൻ എന്നാണ് പല ഭാഗത്തു നിന്നും ആദ്യമുണ്ടായ വിശദീകരണം. പക്ഷേ കോടിയേരി ബാലകൃഷ്ണൻ, പി ജയരാജൻ എന്നിവർ ക്യാപ്റ്റൻ വിളിയെ കുറിച്ചുള്ള നിലപാട് പറഞ്ഞതോടെ സിപിഎമ്മിലെ വ്യക്ത്യാരാധനയെ കുറിച്ച് മുൻകാലങ്ങളില്‍ പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ തിരിച്ചടിക്കുകയാണ്. തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടെന്നും താല്‍പര്യം കൊണ്ട് ആളുകൾ പലതും വിളിക്കുമെന്നുമാണ് പിണറായി പറഞ്ഞത്. എന്നാല്‍ പാർട്ടിക്ക് പിണറായി ക്യാപ്റ്റനല്ലെന്നും സഖാവാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൂടുതല്‍ ചർച്ചകൾക്ക് വഴിമാറി. പിണറായി പാർട്ടി സ്വത്താണെന്നും കാലം രൂപപ്പെടുത്തിയ നേതാവാണെന്നും കോടിയേരി പറഞ്ഞുവെച്ചു. ചർച്ചകൾ നീണ്ടതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ നിലപാട് പരസ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റനല്ല, സഖാവാണ്. ക്യാപ്റ്റനെന്ന് വിളിക്കുന്നത് മാധ്യമങ്ങളോ സമൂഹ മാധ്യമങ്ങളോ ആണെന്നും സർക്കാരിന്‍റെ നേട്ടം വ്യക്തിയുടെ അത്‌ഭുതമല്ല, മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്‍റെ നേട്ടമാണെന്നും കാനം പറഞ്ഞു.
പക്ഷേ അതില്‍ നിന്നെല്ലാം ഒരുപടി കൂടി കടന്നാണ് പി ജയരാജൻ ഫേസ് ബുക്ക് പോസ്റ്റിട്ടത്. പാട്ടെഴുതിയും ഫോട്ടോ വച്ചും ടാറ്റൂ ചെയ്തും ചിലർ ഇഷ്ടം പ്രകടിപ്പിക്കും. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ പാർട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജൻ എഴുതി. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജൻ പറയുമ്പോൾ അതിന് പഴയ ചില കഥകളുടെ പിന്തുണയുണ്ടാകും. കതിരൂർ മനോജ് വധക്കേസില്‍ പ്രതിചേർക്കപ്പെട്ടപ്പോൾ പി ജയരാജന് എതിരെ യുഎപിഎ ചുമത്തി. ഇതിനെതിരെ സിപിഎം ഏരിയാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങൾ വിളിച്ചു. അതില്‍ പാർട്ടി തയ്യാറാക്കിയ വിശദീകരണങ്ങളിലെല്ലാം ജയരാജൻ സ്തുതികളായിരുന്നു. ജയരാജൻ നടപ്പാക്കിയ പാലിയേറ്റീവ് പരിപാടികളെയും വാഴ്ത്തി. അതിനു പിന്നാലെ പിജെ ആർമി എന്ന പേരില്‍ ഫേസ്ബുക്ക് പേജും ആരംഭിച്ചു. നാടിൻ നെടുനായകനെന്നും ചെഞ്ചോരപ്പൊൻ കതിരെന്നും ജയരാജനെ വിശേഷിപ്പിക്കുന്ന വീഡിയോ ഗാനങ്ങളും പുറത്തുവന്നു. ഇതോടെ പാർട്ടി പഴയ വ്യക്ത്യാരാധന നിരോധനം ഉയർത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ജയരാജന് വിമർശനവും താക്കീതും കിട്ടി. പിണറായി വിജയനാണ് എക്കാലവും സിപിഎമ്മിലെ വ്യക്തി പൂജകൾക്കെതിരെ നിലകൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാണ്. കാലം മുന്നോട്ട് സഞ്ചരിച്ചപ്പോൾ അതേ പിണറായി വിജയനെ അണികളും ആരാധകരും ക്യാപ്റ്റനെന്ന് വിളിക്കുന്നു. തന്നെ ക്യാപ്റ്റനെന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കേണ്ടെന്ന് പിണറായി വിജയന് തന്നെ പറയേണ്ടി വരുന്നു.
പിണറായി മുന്നില്‍ നിന്ന് നയിച്ച സർക്കാരും പാർട്ടിയും നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ തുടർ ഭരണം ആഗ്രഹിക്കുമ്പോൾ ക്യാപ്റ്റനായി പിണറായി തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകാം. പക്ഷേ സിപിഎമ്മില്‍ വ്യക്തിപൂജകൾ പാടില്ല എന്നതാണ് പാർട്ടി നയം. ക്യാപ്റ്റൻ എന്ന വിളി വ്യക്തിപൂജയാണോ എന്നത് വൈരുദ്ധ്യാത്മക ഭൗതിക വാദ സിദ്ധാന്തത്തിന്‍റെ വിശദമായ ചർച്ചകൾക്ക് വിടുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും വിജയചരിതം എഴുതാൻ സിപിഎം വല്ലാതെ ആഗ്രഹിക്കുമ്പോൾ പാർട്ടിയുടെയും സർക്കാരിന്‍റെയും ടീമിന്‍റെ ക്യാപ്റ്റനായി പിണറായി തുടരട്ടെ. ഇതെല്ലാം കണ്ടിട്ടും മിണ്ടാതെ വിഎസ് എന്നൊരാൾ ഇവിടെയുണ്ട് എന്ന് ക്യാപ്റ്റനും ടീമും മറക്കരുത്.