തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിൽ ഏറ്റവും നഷ്ടം വരുത്തിയത് കെഎസ്ആർടിസിയെന്ന് സിഎജി റിപ്പോർട്ട്. 2014-15 കാലയളവിൽ 1431.29 കോടി ആണ് കെഎസ്ആർടിസിയുടെ നഷ്ടമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കെഎസ്ആർടിസിക്ക് പുറമെ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് എന്നിവയാണ് നഷ്ടം വരുത്തിയ മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ.
പ്രവർത്തനത്തിലുള്ള 121 സ്ഥാപനങ്ങളുടെ ഒടുവിലത്തെ കണക്കുകൾ പ്രകാരം 53 എണ്ണത്തിന് 574.49 കോടിയുടെ ലാഭവും 58 പൊതുമേഖല സ്ഥാപനങ്ങൾക്ക് 1796.55 കോടി നഷ്ടവും കണക്കാക്കുന്നു.
അതേസമയം രണ്ട് പൊതുമേഖല സ്ഥാപനത്തിന് ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യവും ഉണ്ടായെന്ന് സിഎജി റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
Also Read: 'മരംമുറിക്കേസ് പ്രതികള്‍ മുഖ്യമന്ത്രിയെ കണ്ടു' ; ഫോട്ടോ പുറത്തുവിട്ട് പി.ടി തോമസ്
ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സുകളുടെ ആസൂത്രണത്തിലും നടപ്പാക്കലിലും കെഎസ്ആർടിസിക്ക് വീഴ്ച സംഭവിച്ചെന്ന് സിഎജി ചൂണ്ടിക്കാട്ടി. നിർമാണങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുത്തിയതും പലിശരഹിത ജാമ്യ നിക്ഷേപത്തിന്‍റെ അപര്യാപ്തമായ സമാഹരിക്കലും നഷ്ടത്തിന്‍റെ ആക്കം കൂട്ടി.
നിർമാണം പൂർത്തിയാക്കിയ ബസ് ടെർമിനലുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ വാടകയ്ക്ക് നൽകുന്നതിനായുള്ള ടെൻഡർ നടപടികളിലും വീഴ്ച വരുത്തിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.