തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാന ധനവകുപ്പ് 7100 കോടിയുടെ നികുതി പിരിവ് നടത്തിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 12 വകുപ്പുകളിലായാണ് ഇത്രയും തുകയുടെ സമാഹരണം നടക്കാതിരുന്നത്. 2019-2021 കാലയളവിലെ റവന്യു വിഭാഗത്തിന് മേലുള്ള സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
5 വർഷത്തെ 7100 കോടി രൂപ റവന്യു കുടിശികയിൽ 4499.55 കോടി രൂപ വിൽപന നികുതിയാണ്. വൈദ്യുത നികുതിയിൽ 887.43 കോടി രൂപയും ലഭിക്കാനുണ്ട്. എക്‌സൈസ് വകുപ്പിന്‍റെ 1952 മുതലുള്ള കുടിശികയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
സര്‍ക്കാരില്‍ നിന്നും സര്‍ക്കാര്‍ തദ്ധേശ സ്ഥാപനങ്ങളില്‍ നിന്നുമാണ് നികുതി കുടിശികയിലെ 6422.49 കോടി രൂപയും പിരിച്ചെടുക്കാനുള്ളത്. സംസ്ഥാന ജിഎസ്‌ടിയിൽ ക്രമരഹിതമായി ഇളവുകൾ നൽകി, നികുതി പലിശ എന്നിവ കുറവായി ചുമത്തി, മറ്റു വീഴ്‌ചകള്‍ എന്നിവയിലൂടെ 670 കേസുകളിൽ 471.33 കോടിയുടെ കുറവും ഉണ്ടായിട്ടുണ്ട്. വിറ്റുവരവിലെ തെറ്റായ നികുതി നിർണയത്തിലൂടെ ജിഎസ്‌ടിയിൽ 11 കോടിയുടെ നഷ്‌ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
312.32 കോടിയുടെ വിറ്റുവരവിന്മേലാണ് നികുതിയിലും പലിശയിലും കുറവുണ്ടായിരിക്കുന്നത്. നികുതി നിര്‍ണയ അധികാരികള്‍ രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിലെ പിഴവ് മൂലം 7.54 കോടി നഷ്‌ടമായി. വാര്‍ഷിക റിട്ടേണിലൂടെ അവകാശം ഉന്നയിച്ച അര്‍ഹത ഇല്ലാത്തവര്‍ക്ക് ഇളവ് നല്‍കിയതിലൂടെ 9.73 കോടിയും വാര്‍ഷിക റിട്ടേണ്‍ ഇളവ് അനുവദിച്ച നിലയില്‍ യോഗ്യതയുള്ള ഘടകം വര്‍ധിപ്പിച്ചതിന്‍റെ ഫലമായി നികുതിയിനത്തില്‍ നിന്നും 1.3 കോടി രൂപയും നഷ്‌ടപ്പെട്ടിട്ടുണ്ട്.
സിഎജി റിപ്പോര്‍ട്ടില്‍ എക്‌സൈസ് വകുപ്പിനെതിരെയും വിമര്‍ശനമുണ്ട്. എക്സൈസ് കമ്മിഷണര്‍ നിയമം ദുരുപയോഗം ചെയ്‌ത് ലൈസൻസ് അനുവദിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിലൂടെ 26 ലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് വിലയിരുത്തല്‍. ഫ്ലാറ്റുകളുടെ തെറ്റായ മൂല്യനിർണയത്തെ തുടര്‍ന്ന് സ്റ്റാമ്പ് തീരുകയും രജിസ്ട്രേഷൻ ഫീസ് ചുമത്തിയതിൽ കുറവുണ്ടായി. ഇതിലൂടെ സംസ്ഥാനത്തിന് 1.5 കോടിയുടെ വരുമാനം നഷ്‌ടമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.