തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി വാങ്ങൽ കരാറുകൾ പുനസ്ഥാപിക്കുന്നതിൽ സർക്കാർ ഇടപെടൽ കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് നാളത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യുക (Cabinet Meeting Will Discuss Power Crisis).
ചീഫ് സെക്രട്ടറി ബി വേണുവിന്‍റെ നേതൃത്വത്തിലുള്ള സെക്രട്ടറി സംഘം ഇന്നലെ യോഗം ചേർന്ന് കരാർ പുനസ്ഥാപിക്കുന്നതിലെ നിയമ സാമ്പത്തിക വശങ്ങൾ വിലയിരുത്തിയിരുന്നു. സർക്കാർ ഇക്കാര്യത്തിൽ നിയമപദേശവും തേടും. വൈദ്യുത നിയമത്തിലെ 108 വകുപ്പ് പ്രകാരം പൊതുതാത്പര്യം കണക്കിലെടുത്തുള്ള തീരുമാനം ആവശ്യപ്പെട്ട് റെഗുലേറ്ററി കമ്മിഷന് രേഖാമൂലം നിർദേശം നൽകാൻ സർക്കാറിന് കഴിയും. ഈ നിയമവശം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചാണ് നാളെ മന്ത്രിസഭായോഗത്തിൽ ചർച്ച നടക്കുക.
ടെൻഡർ നടപടികളുടെ വീഴ്‌ചയുടെ പേരിലാണ് റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയുടെ (KSEB) ദീർഘകാല കരാറുകൾ റദ്ദാക്കിയത്. 18 വർഷത്തേക്ക് കൂടി കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാറാണ് റദ്ദാക്കപ്പെട്ടത്. ഇതോടെയാണ് സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി ഏറിയത് (power shortage in Kerala).
നിലവിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിന് ഉയർന്ന തുകയ്‌ക്കാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതുമൂലം പ്രതിദിനം 20 കോടി രൂപയാണ് കെഎസ്ഇബിക്ക് അധിക ചെലവായി ഉണ്ടാകുന്നത്. നിലവിലെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കരാറുകൾ വിളിച്ചെങ്കിലും വലിയ വിലയാണ് കമ്പനികൾ ചോദിച്ചത്. ഇതേത്തുടർന്നാണ് റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ നാല് കരാറുകൾ പുനസ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ തുടങ്ങിയത്. ഇക്കാര്യത്തിൽ മന്ത്രിസഭായോഗം അന്തിമ തീരുമാനം എടുക്കും.
സാധാരണ ബുധനാഴ്‌ച ചേരാറുള്ള മന്ത്രിസഭായോഗം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നാളത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. നാളെ രാവിലെ 10 മണിക്ക് ഓൺലൈൻ വഴിയാണ് മന്ത്രിസഭായോഗം ചേരുന്നത്. വൈദ്യുതി പ്രതിസന്ധി കൂടാതെ അടുത്ത തിങ്കളാഴ്‌ച നിയമസഭാസമ്മേളനം പുനരാരംഭിക്കുന്ന സാഹചര്യത്തിൽ പുതിയ ബില്ലുകൾ പരിഗണിക്കണം എന്ന ചില വകുപ്പുകളുടെ ആവശ്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യും.
നേരത്തെ പരിഗണിച്ച 14 ബില്ലുകൾ ഇപ്പോൾ സബ്‌ജക്‌ട് കമ്മിറ്റിയുടെയും സെലക്‌ട് കമ്മിറ്റിയുടെയും പരിഗണനയിലുണ്ട്. ഈ ബില്ലുകൾ സമ്മേളനത്തിൽ പരിഗണിക്കേണ്ടതിനാൽ പുതിയ ബില്ലുകൾ എടുക്കണം എന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെയുള്ള നാലുദിവസത്തേക്കാണ് നിയമസഭാസമ്മേളനം ചെരുന്നത്. നിയമസഭ സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ സഭാസമ്മേളനം താത്‌കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.