തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. എന്നാല്‍ കേന്ദ്ര നിര്‍ദേശമനുസരിച്ച് സംസ്ഥാനത്ത് മാത്രമായി വലിയ ഇളവുകള്‍ക്ക് സാധ്യതയില്ല. പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, തോട്ടം മേഖലകള്‍ക്ക് ഇളവുകളില്‍ മുന്‍ഗണന നല്‍കും. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സാമ്പത്തിക സ്ഥിതിയും യോഗം ചര്‍ച്ച ചെയ്യും. മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന കേന്ദ്രനിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ വിഷയം ഇന്നത്തെ യോഗം പരിഗണിക്കാന്‍ സാധ്യതയില്ല.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയും പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്താനുള്ള സഹായവും മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. രോഗപ്രതിരോധത്തിനായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയേക്കും. കൊവിഡ് 19ന്‍റെ സംസ്ഥാനത്തെ പൊതുസ്ഥിതിയും സ്വീകരിച്ച മുന്‍കരുതലുകളെക്കുറിച്ചും യോഗം വിലയിരുത്തും. സാലറി ചലഞ്ച് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും ഇന്നത്തെ മന്ത്രിസഭയോഗത്തില്‍ ഉണ്ടാകാനാണ് സാധ്യത.