തിരുവനന്തപുരം: കൊവിഡ് ബാധിച്ചവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം നൽകാൻ മന്ത്രിസഭാ തീരുമാനം. ഇതിനായി കേരള പഞ്ചായത്ത് രാജ് ആക്ടിലും കേരള മുനിസിപ്പാലിറ്റി ആക്ടിലും ഭേദഗതി വരുത്താൻ ഗവർണറോട് ശിപാർശ ചെയ്യാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോളിങ് സമയത്തിൻ്റെ അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതര്‍ക്കായി മാറ്റി വെയ്ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് നിലവിലെ പോളിങ് സമയം. ഇതിൽ അഞ്ച് മുതൽ ആറ് മണി വരെയുള്ള സമയമാണ് രോഗബാധിതർക്കും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കുമായി മാറ്റി വെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി പോളിങ് ബൂത്തിൽ നിൽക്കുന്നവർ മുഴുവൻ വോട്ട് രേഖപ്പെടുത്തിയ ശേഷമാകും കൊവിഡ് ബാധിതർക്ക് അവസരം ലഭിക്കുക.
തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് പോസിറ്റീവ് ആയാലും വോട്ട് രേഖപ്പെടുത്താം. നേരിട്ട് വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവർക്ക് തപാൽ വോട്ടും ഏർപ്പെടുത്തിയിരുന്നു. എന്നാൽ തപാൽ വോട്ട് നടപടിക്രമങ്ങൾ വോട്ടെടുപ്പിന് രണ്ടുദിവസം മുമ്പ് പൂർത്തിയാക്കണം. അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ കൊവിഡ് ബാധിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയാതെ വരും. അതുകൊണ്ടാണ് നിയമ ഭേദഗതി വരുത്തി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
കൊവിഡ് ബാധിതർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ച ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശം തയ്യാറാക്കി നൽകാനും മന്ത്രിസഭ നിർദ്ദേശം നൽകി. കൂടാതെ പോളിങ് ഉദ്യോഗസ്ഥർക്കും ഏജന്‍റുമാർക്കുമുള്ള മാർഗനിർദേശം പ്രത്യേകം തയ്യാറാക്കും.