തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ പ്രതി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാവിഷയങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. കസ്റ്റഡി മരണം സംബന്ധിച്ച സമഗ്രമായ അന്വേഷണവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ജുഡീഷ്യൽ കമ്മീഷന്‍റെ പരിഗണനക്ക് വരും. രാജ്‌കുമാറിന്‍റെ അറസ്റ്റിലേക്കും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്കും നയിച്ച സാഹചര്യവും വസ്തുതകളും വിശദമായി പരിശോധിക്കണം. കസ്റ്റഡിയിൽ മർദ്ദനമേറ്റതും ചികിത്സ നിഷേധിച്ചതും അടക്കമുള്ള ആരോപണങ്ങൾ കമ്മീഷന്‍റെ അന്വേഷണ പരിധിയില്‍ വരും.
ഇതോടൊപ്പം സർക്കാർ സൂപ്പർ വൈസറി തസ്തികയിലുള്ള ഉദ്യോഗസ്ഥരോ മറ്റാരെങ്കിലുമോ ഈ സംഭവത്തിൽ അധികാര ദുർവിനിയോഗം നടത്തിയോയെന്നും വീഴ്ച സംഭവിച്ചുവോയെന്നും കമ്മീഷന്‍ പരിശോധിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കണം. ഇത് കൂടാതെ അന്വേഷണം സംബന്ധിച്ച് സാന്ദർഭികമായി ഉത്ഭവിക്കുന്ന വിഷയങ്ങൾ പരിശോധിക്കാനും കമ്മീഷന് അധികാരം നൽകിയിട്ടുണ്ട്.