തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം. രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കൊവിഡാനന്തര രോഗലക്ഷണങ്ങളെ തുടർന്ന് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിപ്പ് വന്നത്.
സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് സി. എം. രവീന്ദ്രനോട് നവംബര്‍ 6ന് ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 5ന് അദ്ദേഹത്തെ കൊവിഡ് ബാധയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് നവംബര്‍ 19ന് രവീന്ദ്രന്‍ ആശുപത്രി വിട്ടു. ശേഷം നവംബര്‍ 27ന് ഹാജരാകണമെന്ന് വ്യക്തമാക്കി ഇ.ഡി വീണ്ടും രവീന്ദ്രന് നോട്ടീസ് നല്‍കി. ഇതിനിടെയാണ് കൊവിഡാനന്തര ലക്ഷണങ്ങളോടെ രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്.