തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. ഡാമിലെ സാഹചര്യങ്ങള്‍ നിരന്തരം പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കും. ജലസേചന വകുപ്പിന് കീഴിലുള്ള 17 അണക്കെട്ടുകളില്‍ നിന്നും വെള്ളം പുറത്ത് വിടുന്നുണ്ട്. ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, പൊന്മുടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് എന്നിവയില്‍ നിന്നും ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്‌മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.