തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകളെ ചിലർ വിവാദങ്ങളാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനങ്ങളുടെ വസ്‌തുത മനസിലാക്കുമ്പോഴെ നേട്ടങ്ങൾ ബോധ്യപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് അഭിമാനത്തോടെ പറയുന്ന ടെക്‌നോപാർക്ക് അന്നത്തെ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും നടത്തിയ അമേരിക്കൻ യാത്രയിലൂടെ ലഭിച്ച ആശയമാണ്.
വിദേശ രാജ്യങ്ങളിൽ നിരവധി വികസന മാതൃകകളുണ്ട്. അത് കേരളത്തിന് യോജിച്ച രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നാണ് പരിശോധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേട്ടങ്ങൾ ഏറെ: വിദേശയാത്രകളിലൂടെ സംസ്ഥാനത്തുണ്ടായ നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി. വിദേശയാത്രകളുടെ പ്രോഗ്രസ് റിപ്പോർട്ട് പുറത്ത് വിടണമെന്നും സാമ്പത്തിക സ്ഥിതി മോശമായ സമയത്തെ വിദേശയാത്ര അനാവശ്യവുമെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. നെതർലാന്‍റ് സന്ദർശനത്തിലൂടെ സംസ്ഥാനത്ത് രൂപം നൽകിയതാണ് റൂം ഫോർ റിവർ പദ്ധതി.
ഇതിനെ പരിഹസിക്കാനാണ് ശ്രമം. എന്നാൽ പ്രളയത്തിന്‍റെ തീവ്രത കുറയ്ക്കാൻ 2 വർഷത്തെ ഈ പദ്ധതിയുടെ നടത്തിപ്പ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇനിയുള്ള ഘട്ടങ്ങളും ശാസ്‌ത്രീയമായി നടത്തും. ഇതിനുള്ള ഡി പി ആർ തയാറാക്കി കഴിഞ്ഞു. 10 വർഷം കൊണ്ട് പൂർത്തിയാകും.
ജർമ്മൻ സന്ദർശനത്തിലൂടെ നോർക്ക വഴി നഴ്‌സിങ് മേഖലയിൽ നിരവധി തൊഴിലവസരം സൃഷ്‌ടിച്ചു. ഒഡേപെക്ക് വഴി 2753 പേർ വിദേശത്ത് ജോലി നേടി. കിഫ്ബി മസാല ബോണ്ട് വഴി 2750 കോടിയുടെ നിക്ഷേപമെത്തിച്ചു. ഇത്തരത്തിൽ നിരവധി നേട്ടങ്ങൾ സംസ്ഥാനത്ത് ഉണ്ടായതായി മുഖ്യമന്ത്രി വ്യക്തമാക്കി.