ശശി തരൂരിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാന്‍ ശക്തനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പേയ്മെന്റ് സീറ്റ് വിവാദം സിപിഐക്ക് എറെ നാണക്കേട് സൃഷ്ടിച്ച മണ്ഡലമാണ് തിരുവനന്തപുരം. തലസ്ഥാനത്ത് എൽഡിഎഫിനും സിപിഐക്കും നിര്‍ത്താനാകുന്ന എറ്റവും പ്രതിച്ഛായയും ആഴത്തിലുള്ള ജനസ്വാധീനവുമുള്ള നേതാവാണ് സി ദിവാകരന്‍. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ സി ദിവാകരൻ മണ്ഡലത്തിൽ സജീവമാണ്. ജനങ്ങളിലേക്കിറങ്ങിച്ചെന്നുള്ള സ്ഥിരം പ്രചാരണ ശൈലി തന്നെയാണ് സി ദിവാകരന്‍ സ്വീകരിച്ചിരിക്കുന്നത്. ശബരിമല വിഷയവും കുമ്മനത്തിന്റെ വരവുമൊന്നും മണ്ഡലത്തിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും സി ദിവാകരൻ പറയുന്നു. മതസ്വാതന്ത്ര്യമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാകുക എന്ന കുമ്മനം രാജശേഖരന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സി ദിവാകരന്‍റെ പ്രതികരണം.
കഴിഞ്ഞ പത്ത് വർഷമായി വാഗ്ദാനംചെയ്ത വികസനങ്ങൾ ഒന്നും മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പ്രചാരണ വിഷയങ്ങളാണ്. കൂടാതെ മോദി ഭരണത്തിൻ കീഴിലുണ്ടായ അഴിമതിയും തൊഴിലില്ലായ്മ അടക്കമുള്ള ഗുരുതര വിഷയങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമായും പൊതുപരിപാടികൾ കേന്ദ്രീകരിച്ചാണ് മുൻമന്ത്രി കൂടിയായ സി ദിവാകരന്‍റെ നിലവിലെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇതിനകം തന്നെ അദ്ദേഹം മണ്ഡലത്തിൽ സജീവമാണ്. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എൽഡിഎഫിന് വിജയം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കുന്നതിനുള്ള തുകയായ 10000 രൂപ നഗരസഭ ശുചീകരണ തൊഴിലാളി വിഭാഗത്തിൽ നിന്നുമാണ് അദ്ദേഹം ഏറ്റുവാങ്ങിയത്.