തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി.ആപ്റ്റിൽ എൻ.ഐ.എയുടെ മിന്നൽ പരിശോധന. കോൺസുലേറ്റ് വഴി എത്തിച്ച മതഗ്രന്ഥങ്ങൾ സി.ആപ്റ്റിൻ്റെ വാഹനത്തിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ പരിശോധന. രാവിലെ 10 മണിക്ക് സി.ആപ്റ്റിൻ്റെ വട്ടിയൂർക്കാവ് ഓഫീസിൽ എൻ.ഐ.എ സംഘം എത്തി. സി.ആപ്റ്റിലെ വാഹനങ്ങളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ 'ലോഗ് ബുക്ക് ' എൻ.ഐ.എ പരിശോധിച്ചു.
വിദേശത്ത് നിന്നും കോൺസുലേറ്റ് വഴി വട്ടിയൂർക്കാവിലെ സി.ആപ്റ്റിൻ്റെ ഓഫീസിലാണ് 32 പാക്കറ്റുകളടങ്ങിയ മത ഗ്രസ്ഥങ്ങൾ എത്തിച്ചത്. ഇവിടെ നിന്നും സി.ആപ്റ്റിൻ്റെ വാഹനത്തിൽ മലപ്പുറത്തേക്കും മതഗ്രന്ഥങ്ങൾ കൊണ്ടുപോയി. മത ഗ്രന്ഥങ്ങളുടെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം സി.ആപ്റ്റിലെ ഡ്രൈവർമാരുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ വകുപ്പിനു കീഴിലെ സി.ആപ്റ്റിലും എൻ.ഐ.എ പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുൻ എം.ഡിയെയും എൻ.ഐ.എ ചോദ്യം ചെയ്യും.