തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ആരോഗ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ നിർദേശമുണ്ട്. ആശുപത്രിയിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സംവിധാനങ്ങൾ ആശുപത്രികൾ ഒരുക്കണമെന്നും അറിയിപ്പുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നിർദേശമനുസരിച്ച് പ്രശ്നബാധിത സ്ഥലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീം ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം. എല്ലാ പ്രശ്ന ബാധിത മേഖലകളിലും 108 ആംബുലൻസുകളുടെ സേവനം ഉറപ്പു വരുത്തണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആളുകളെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ചുഴലിക്കാറ്റിന് ശേഷം പകർച്ചവ്യാധികൾ പടരുന്ന സാഹചര്യമുണ്ടായാൽ അത് നേരിടാനും നടപടി വേണം. ആരോഗ്യ വകുപ്പിന്‍റെ നിർദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു.