തിരുവനന്തപുരം: കെട്ടിട നികുതി ക്രമക്കേടിൽ വീണ്ടും പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. കെട്ടിട നികുതിപ്പണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജപ്രചാരണം നടത്തിയെന്ന മേയറുടെ പ്രസ്‌താവനക്കെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്.
നികുതിപ്പണം നഷ്‌ടപ്പെട്ടുവെന്നും നികുതിയടച്ചവർക്ക് ജപ്‌തി നടപടികൾ നേരിടേണ്ടി വരുമെന്നും പ്രതിപക്ഷം വ്യജ പ്രചാരണം നടത്തിയെന്നാണ് മേയര്‍ പറഞ്ഞത്. എന്നാല്‍ അത് വ്യാജപ്രചരണമല്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചതോടെ ബഹളം രൂക്ഷമായി.
എന്നാൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുടിശ്ശികയുള്ളവരുടെ പട്ടിക ഡിജിറ്റൽ സാക്ഷരതയില്ലാത്ത സാധാരണക്കാരിൽ എത്തിയില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കൗൺസിലർമാർക്ക് പോലും പട്ടിക ലഭിച്ചില്ല. അതിനാൽ പരാതിക്കാരുടെ എണ്ണം കുറവാണെന്ന നഗരസഭയുടെ വാദം കണക്കിലെടുക്കാനാവില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.