തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരുടെ യൂസര്‍ നെയിമും പാസ്‌വേഡും ചോര്‍ത്തി അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് സൈബര്‍ പൊലീസ്. മരപ്പാലം സ്വദേശി അജയഘോഷാണ് നഗരസഭയിലെ താത്കാലിക ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ സ്വാധീനിച്ച് വാണിജ്യ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി കെട്ടിട നമ്പര്‍ തരപ്പെടുത്തിയത്.
സഞ്ചയ സോഫ്റ്റ്‌വെയറിന്‍റെ യൂസര്‍ നെയിമും പാസ്‌വേഡും കൈക്കലാക്കിയാണ് ജീവനക്കാര്‍ തട്ടിപ്പിന് സഹായിച്ചത്. ആഭ്യന്തര അന്വേഷണത്തില്‍ സംഭവം കണ്ടെത്തിയതോടെ തട്ടിപ്പ് നടത്താന്‍ സഹായിച്ച ജീവനക്കാരെ ജോലിയില്‍ നിന്ന് നീക്കിയിരുന്നു.
കഴിഞ്ഞ ജനുവരി 28നാണ് കെട്ടിട നമ്പര്‍ അനുവദിക്കപ്പെട്ടത്. നഗരസഭ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ച പൊലീസ് സമാനമായ കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അന്വേഷണ സംഘം മേയര്‍ ആര്യ രാജേന്ദ്രന്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ് എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
നഗരസഭയില്‍ നിന്ന് സ്ഥലം മാറിപ്പോയതും വിരമിച്ചതുമായ ഉദ്യാഗസ്ഥരുടെ ലോഗിന്‍, പാസ്‌വേഡുകള്‍ എന്നിവ ഇവര്‍ പോയതിന് ശേഷവും പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി പ്രക്ഷോഭം തുടങ്ങി.
ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടതെങ്കിലും ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിഷയം ഭരണപക്ഷത്തെ സമ്മര്‍ദത്തിലാക്കാന്‍ ഉപയാഗിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്ന് ഭരണസമിതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.