തിരുവനന്തപുരം: മിസ്‌ഡ് കോളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി, അതിനിടെ മറ്റൊരു യുവതിയുമായി വിവാഹ നിശ്‌ചയം. ആ വിവാഹം മുടക്കുമെന്ന് പറഞ്ഞ ആദ്യ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ കാമുകനും സുഹൃത്തുക്കളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര തിരുപുറം സ്വദേശി രാഖിമോളെ (30) കൊലപ്പെടുത്തി വീട്ടു വളപ്പിൽ കുഴിച്ചിട്ട കേസിലാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്‌ജി കെ.വിഷ്‌ണുവിന്‍റെ വിധി.
അമ്പൂരി സ്വദേശി അഖിൽ ആർ നായർ (24), അഖിലിന്‍റെ സഹോദരൻ രാഹുൽ ആർ നായർ (27), ഇവരുടെ സുഹൃത്ത് അമ്പൂരി സ്വദേശി ആദർശ് നായർ (23) എന്നിവരെയാണ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2019 ജൂൺ 21നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ അഖിൽ ആർ നായർ ഇന്ത്യൻ സൈന്യത്തില്‍ ഡ്രൈവറായിരുന്നു.
കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന രാഖി മോളുമായി അഖില്‍ മിസ്‌ഡ് കോളിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ സൗഹൃദം പ്രണയത്തിലായി. രാഖി മോളുമായി പ്രണയത്തിലിരിക്കെ മറ്റൊരു യുവതിയെ അഖിൽ പ്രണയിക്കുകയും തുടർന്ന് രാഖിയെ ഒഴിവാക്കി ആ യുവതിയുമായി വിവാഹം നിശ്ചയം നടത്തിയ ഫോട്ടോകൾ അഖിൽ ഫേസ് ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.
ഇതറിഞ്ഞ രാഖി അഖിലിന്‍റെ വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം അഖില്‍ രാഖി മോളെ ഫോണില്‍ വിളിച്ചുവരുത്തി അമ്പൂരിയിൽ എത്തിച്ച് വാഹനത്തില്‍ കയറ്റി രാഹുൽ ആർ നായർ, ആദർശ് നായർ എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് കേസ്. അതിനു ശേഷം മൂന്നു പേരും ചേർന്ന് രാഖിയുടെ മൃതദേഹം അഖിലിന്‍റെ വീടിന്‍റെ പിന്നില്‍ കുഴിയെടുത്ത് ഉപ്പു പരലുകൾ വിതറി മണ്ണിട്ട് മൂടുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ പിതാവ് രാജൻ നൽകിയ പരാതിയിലാണ് കേസിന്‍റെ ചുരുളഴിഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്ത ആദർശിന്‍റെ കുറ്റസമ്മത മൊഴിയിലാണ് മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കേസില്‍ 94 സാക്ഷികളെ വിസ്‌തരിച്ചു. കൂടാതെ 92 തൊണ്ടി മുതലുകളും 178 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി ഗീത ആലപ്പുഴ, പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ എന്നിവർ ഹാജരായി.