തിരുവനന്തപുരം: വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പി വെള്ളത്തിന്‍റെ ശുദ്ധത ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി ഇന്ന് മുതല്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് കുപ്പി വെള്ളത്തിന്‍റെ പരിശോധനകള്‍ ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുക.
അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പി വെള്ളം വിറ്റാല്‍ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വേനല്‍ കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് പ്രത്യേക പരിശോധന ആരംഭിക്കുന്നത്. കുപ്പി വെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂട് കാലമായതിനാല്‍ വെള്ളം കുടി കുറവായാല്‍ നിര്‍ജലീകരണത്തിന് സാധ്യത ഏറെയാണ്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്‌ക്കുന്നത് പതിവാക്കണം. കുടിയ്ക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കുടിയ്ക്കുക.
also read: ചൂടുകാലത്തെ തണുത്ത വെള്ളം കുടി ; വൈദ്യശാസ്ത്രം പറയുന്നത്
ശുദ്ധജലത്തില്‍ നിന്ന് ഉണ്ടാക്കിയ ഐസ് മാത്രമേ പാനീയങ്ങളില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. കടകളില്‍ നിന്നും വാങ്ങുന്ന കുപ്പിവെള്ളം കുടിയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശമുണ്ട്.
കടകളില്‍ നിന്ന് കുടി വെള്ളം വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- കുപ്പിവെള്ളത്തില്‍ ഐഎസ്ഐ മുദ്രയുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
- പ്ലാസ്റ്റിക് ബോട്ടിലിന്‍റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തണം.
- കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടി വെള്ളം ഉപയോഗിക്കാതിരിക്കുക.
- വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- കടകളില്‍ വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക.
- കുടിവെള്ളം മറ്റ് ശീതള പാനീയങ്ങള്‍ എന്നിവ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ കടകളില്‍ തൂക്കി ഇടുന്നതും വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകുന്നതും വളരെ ആരോഗ്യ പ്രശ്ങ്ങള്‍ സൃഷ്‌ടിക്കും.
- അധിക നേരം പ്ലാസ്റ്റിക് കുപ്പികള്‍ വെയില്‍ ഏല്‍ക്കുമ്പോള്‍ അതില്‍ നിന്നും കെമിക്കല്‍ ലീക്കുണ്ടായി ആരോഗ്യത്തിന് ഹാനികരമാകാന്‍ സാധ്യതയുണ്ട്.
- വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ തുറന്ന വാഹനങ്ങളില്‍ കുപ്പി വെള്ളവും മറ്റ് പാനീയങ്ങളും വിതരണത്തിനായി കൊണ്ട് പോകരുത്.
also read: കുടിവെള്ളം അണുവിമുക്തമാക്കല്‍: സൂക്ഷിച്ചില്ലെങ്കില്‍ അര്‍ബുദം പിടിപെട്ടേക്കാം
വേനല്‍ കാലത്തെ നിര്‍ജലീകരണം: അന്തരീക്ഷത്തിലെ താപനില വര്‍ധിക്കുമ്പോള്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനായി ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശാരീരിക പ്രക്രിയയ്‌ക്ക് ആവശ്യമായ വെള്ളം ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയാണ് നിര്‍ജലീകരണം. വേനല്‍ ചൂട് കടുക്കുമ്പോള്‍ ഒട്ടുമിക്ക ആളുകളിലും നിര്‍ജലീകരണം സംഭവിക്കാറുണ്ട്. ഇത്തരത്തില്‍ അധികമാകുന്ന നിര്‍ജലീകരണം വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. മൂത്രാശയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിരവധി കാരണങ്ങള്‍ക്കും കിഡ്‌നിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന നിരവധി രോഗങ്ങള്‍ക്കും ഇത് കാരണമാകുന്നു.