തിരുവനന്തപുരം : താമരയിൽ ഇരിക്കുന്ന സരസ്വതി ദേവീ രൂപം നമുക്കെല്ലാം പരിചിതമാണ്. എന്നാൽ നിൽക്കുന്ന സരസ്വതി ദേവീ രൂപം നമ്മളിൽ പലർക്കും അത്ര പരിചിതമല്ല. 80 വർഷത്തോളം പഴക്കമുള്ള ഈ സരസ്വതി ദേവീ രൂപമാണ് തിരുവനന്തപുരം വെസ്റ്റ് ഫോർട്ട് സ്വാതിനഗർ സ്വദേശിനി ഉഷ റാണിയുടെ നവരാത്രി ബൊമ്മക്കൊലുവിൻ്റെ പ്രത്യേകത (Bommai Golu Pooja In Navratri Festival). നീണ്ട 80 വർഷങ്ങളായി തലമുറകളായി പിന്തുടർന്നുവരുന്ന ബൊമ്മക്കൊലു പൂജ ഇപ്പോഴും തുടർന്നുപോരുകയാണ് ഉഷ റാണി (Bommai Golu Pooja). നവരാത്രി ആഘോഷങ്ങള്‍ക്ക് (Navratri Festival) തുടക്കം കുറിച്ച് ബ്രാഹ്മണ വീടുകളിൽ ബൊമ്മക്കൊലു ഒരുക്കങ്ങൾ തകൃതിയാണ്.
ദശാവതാരങ്ങൾ, പഞ്ചപാണ്ഡവർ, തിരുവണ്ണാമലൈ, ശ്രീനിവാസർ കല്യാണം, കൃഷ്‌ണനും ഗോപസ്ത്രീകളും, പരമശിവനും പാർവതിയും, രാവണൻ, അഷ്‌ടലക്ഷ്‌മി എന്നിങ്ങനെ നൂറിലധികം ബൊമ്മക്കൊലുകൾ വൈദ്യുത ദീപാലങ്കാരത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ഇവയിൽ പല ബൊമ്മകൾക്കും 80 വർഷത്തോളം പഴക്കമുണ്ട്. പലതും തലമുറകളായി കൈമാറി വന്നതാണ്. ബൊമ്മ എന്നാൽ പാവയെന്നും കൊലു എന്നാൽ പടി എന്നുമാണ് അർഥം.
ബൊമ്മക്കൊലു ഒരുക്കുന്നതിന് പ്രത്യേക ചിട്ടവട്ടങ്ങളുണ്ട്. ബൊമ്മക്കാെലു ഒരുക്കേണ്ടത് പട്ടുവിരിച്ച് അഞ്ച്, ഏഴ്, ഒമ്പത് എന്നിങ്ങനെ തട്ടുകളായാണ്. മുകളിലായി ശിവ പാർവതി, ബ്രഹ്മാവ്, വിഷ്‌ണു, അഷ്‌ടലക്ഷ്‌മി എന്നിവരും തുടർന്ന് നവദുർഗയും സംഗീത മൂർത്തികളും ഇതിന് താഴെ ദശാവതാരത്തിലെ വിവിധ രൂപങ്ങളും പിന്നീട് രാമായണം, ശിവപാർവതി കല്യാണം, സുബ്രഹ്മണ്യൻ, ഏറ്റവും താഴെ കല്യാണ കോലങ്ങൾ എന്നിങ്ങനെയാണ് ബൊമ്മക്കൊലു ഒരുക്കുന്നത്. രണ്ട് ദിവസം കൊണ്ടാണ് ബാെമ്മക്കൊലു ഒരുക്കം ഉഷ റാണി പൂർത്തിയാക്കിയത്.
മൺരൂപങ്ങളിൽ പ്രത്യേകമായി നിറം നൽകിയാണ് ബൊമ്മകൾ നിർമിക്കുന്നത്. തമിഴ്‌നാട്, കരമന എന്നിവിടങ്ങളിൽ നിന്നാണ് ബൊമ്മകൾ വാങ്ങുന്നത്. വ്യാഴാഴ്‌ച രാവിലെ പത്മനാഭപുരത്ത് നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര പത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലുള്ള സരസ്വതി അമ്മൻകോവിലിൽ എഴുന്നള്ളിച്ച ശേഷമാണ് ബൊമ്മക്കൊലുവിൽ കുംഭം സ്ഥാപിക്കേണ്ടത്.
നവരാത്രി ആഘോഷങ്ങളുടെ ഒൻപത് ദിവസവും വീട്ടിലെത്തുന്ന സുമംഗലികൾക്കും കുട്ടികൾക്കും വെറ്റില, പാക്ക്, മഞ്ഞൾ, പഴം, പൂക്കൾ, പ്രസാദം എന്നിവ നൽകും. കുട്ടികൾക്ക് വസ്ത്രങ്ങളും നൽകും. 9 ദിവസവും ഈ ചടങ്ങ് ഉണ്ടാകും.
നവരാത്രി ആഘോഷവേളയില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ബൊമ്മക്കൊലു ഒരുക്കിയുള്ള പൂജകൾ. ബൊമ്മക്കൊലു പൂജയിലൂടെ വിദ്യാവിജയവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് കാലാകാലങ്ങളായുള്ള വിശ്വാസം.