തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശിയായ ഫ്രാൻസിസ് അൽഫോൺസ് (65) എന്നയാളുടെ മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് മത്സ്യ ബന്ധനത്തിനായി അഞ്ചംഗ സംഘം കടലിലേക്ക് പോയത്.
കരയിൽ നിന്നും അല്‍പ ദൂരം കടലിലേക്ക് പോയപ്പോൾ ശക്തമായ തിരയടിയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. നാലു പേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ ഒഴുക്കിൽപ്പെട്ട് ഫ്രാൻസിസിനെ കാണാതാവുകയായിരുന്നു. മത്സ്യ തൊഴിലാളികളും തീരദേശ പൊലീസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയെങ്കിലും ഫ്രാൻസിസിനെ കണ്ടെത്തിയിരുന്നില്ല. ശനിയാഴ്‌ച (ജൂലൈ 29) പുലർച്ചെയോടെയാണ് സൗത്ത് തുമ്പ ഭാഗത്ത് കടലിൽ മൃതദേഹം കണ്ടെത്തിയത്. കരയിലെത്തിച്ച മൃതദേഹം മെഡി.കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മുതലപ്പൊഴിയിലും വള്ളം മറിഞ്ഞ് അപകടം: മുതലപ്പൊഴിയിലും മത്സ്യബന്ധനത്തിനായി കടലില്‍ പോയ വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. അപകടത്തിൽ സാരമായി പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശികളായ വിനോദ്, ക്രിസ്‌തുദാസ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ക്രിസ്‌തുദാസിന്‍റെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് (ജൂലൈ 29) രാവിലെ 7.20 ഓടെയാണ് അപകടമുണ്ടായത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റ് മത്സ്യ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തിരയിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നത് തുടർക്കഥയാകുകയാണ്. ഈ മാസം 23ന് മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടിരുന്നു. നിയന്ത്രണം വിട്ട വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടമുണ്ടായത്.
വള്ളത്തിലുണ്ടായിരുന്ന അഭി, മൊയ്‌ദീൻ എന്നിവർ രക്ഷപ്പെട്ടിരുന്നു. ശക്തമായ തിരയടിയിൽപ്പെട്ടാണ് വള്ളത്തിന്‍റെ നിയന്ത്രണം നഷ്‌ടമായത്. പുലിമുട്ടിലേക്ക് ഇടിച്ച് കയറിയ വള്ളത്തിൽ നിന്ന് അഭി കടലിലേക്ക് വീണെങ്കിലും നീന്തി കരയ്‌ക്ക് കയറുകയായിരുന്നു.
കോട്ടയത്ത് വള്ളം മുങ്ങി രണ്ട് മരണം: ഇക്കഴിഞ്ഞ 22നാണ് വൈക്കത്തെ കൊടുതുരുത്ത് കരിയാറില്‍ ചെറുവള്ളം മുങ്ങി നാലു വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചത്. ഉദനാപുരം സ്വദേശി ശരത് (33,) ശരത്തിന്‍റെ സഹോദരിപുത്രന്‍ ഇവാന്‍ (4) എന്നിവരാണ് മരിച്ചത്. ശരതിന്‍റെ കുടുംബത്തിലെ ആറ് പേരാണ് വള്ളത്തില്‍ സഞ്ചരിച്ചിരുന്നത്.
ചെറുവള്ളത്തില്‍ മരണ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വള്ളത്തിന് അകത്ത് ദ്വാരം ഉണ്ടായിരുന്നു. ഇതിലൂടെ വെള്ളം അകത്ത് കടന്നതോടെ വള്ളം മുങ്ങുകയായിരുന്നു. തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം ഉണ്ടായത്. വള്ളത്തിലുണ്ടായിരുന്ന ശരത്തിന്‍റെ അച്ഛന്‍, അമ്മ, സഹോദരിയുടെ മറ്റൊരു കുട്ടി എന്നിവരെ രക്ഷപ്പെടുത്തി. വെള്ളത്തില്‍ മുങ്ങിപ്പോയ ഇവാന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കരയ്‌ക്ക് കയറ്റിയ ശരത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
also read: കണ്ണീര്‍ കടലായി പൂരപ്പുഴ: താനൂരിൽ മരിച്ചവരില്‍ 15 കുട്ടികൾ, രക്ഷാപ്രവർത്തനത്തിന് കൈകോർത്ത് നാട്ടുകാർ