തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസ് (65) നെയാണ് കാണാതായത്. ചൊവ്വാഴ്‌ച പകല്‍ പത്തുമണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. അതേസമയം വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു.
ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ഫ്രാൻസിസിനെ കാണാതായത്. തുടര്‍ന്ന് തീരദേശ പൊലീസിനെയും കോസ്‌റ്റ് ഗാർഡിനെയും വിവരമറിയിച്ചു. ഇതോടെ വിഴിഞ്ഞത്ത് കോസ്‌റ്റ് ഗാർഡ് സ്ഥലത്തേക്ക് തിരിച്ചു. അഞ്ചുതെങ്ങ് തീരദേശ പൊലീസും കഴക്കൂട്ടം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളത്തിന് അടിയൊഴുക്ക് ശക്തമായതിനാൽ തന്നെ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തുന്നുമുണ്ട്. ജെലാസ്‌റ്റ്യന്‍, മാത്യൂസ്, രാജു, ജോർജ് കുട്ടി എന്നിവർ നീന്തി രക്ഷപ്പെട്ടു.
മുതലപ്പൊഴിയിലെ പ്രതിഷേധം: അടുത്തിടെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്‌ത സംഭവത്തില്‍ മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം നടന്നിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവരെ മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
ഇതോടൊപ്പം അപകടമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ സംവിധാനം വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും തീരവാസികള്‍ ആരോപണമുയര്‍ത്തിയിരുന്നു. മന്ത്രിമാര്‍ രൂക്ഷമായി പ്രതികരിച്ചുവെന്നും ഇതിനിടെ ഒരു മന്ത്രി ഷോ കാണിക്കരുതെന്ന് ദേഷ്യത്തോടെ പ്രതികരിച്ചുവെന്നും മത്സ്യത്തൊഴിലാളികള്‍ വിമര്‍ശിച്ചിരുന്നു. പരാതി പറഞ്ഞവര്‍ക്ക് രാഷ്ട്രീയമുണ്ടെന്നും പറയുകയായിരുന്നുവെന്നും ഇതോടെയാണ് മത്സ്യത്തൊഴിലാളികള്‍ രൂക്ഷമായി പ്രതികരിച്ചതെന്നും തീരദേശവാസികളും അറിയിച്ചു. മാത്രമല്ല സ്ഥലത്തെത്തിയ ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ്, സബ് കലക്‌ടര്‍ എന്നിവരേയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ മന്ത്രിമാര്‍ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.
യുജീന്‍ പെരേരയ്‌ക്കെതിരെ മന്ത്രി: എന്നാല്‍ തങ്ങളെ തടയാന്‍ ആഹ്വാനം ചെയ്‌തത് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യുജീന്‍ പെരേരയാണെന്നറിയിച്ച് മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. ഫാദര്‍ യുജീന്‍ പെരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങള്‍ തിരികെ പോകാന്‍ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദര്‍ യുജീന്‍ പെരേരയും സംഭവസ്ഥലത്തെത്തിയതെന്നും സ്ഥലത്തെത്തിയ ഉടന്‍ ഫാദര്‍ യുജീന്‍ പെരേര മന്ത്രിമാരെ തടയാന്‍ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചിരുന്നു.
യുജീന്‍ പെരേര വിഴിഞ്ഞം സമരം അവസാനിപ്പിക്കേണ്ടി വന്നതിന്‍റെ വാശി തീർക്കുകയാണെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും അദ്ദേഹം ഇതിനെ കുറ്റപ്പെടുത്തി. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ഫാദർ യുജീന്‍ പെരേര ശ്രമിച്ചുവെന്നും നാട്ടുകാർ പക്ഷേ ഫാദർ യുജീന്‍റെ നിർദേശങ്ങൾ അവഗണിച്ചുവെന്നും ഇദ്ദേഹം തുറന്നടിച്ചു. മത്സ്യത്തൊഴിലാളികളിൽ നിന്ന് അനാവശ്യമായി ഇവർ പണം പിരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുന്നതിനാലാണ് തങ്ങളോട് ഇവർക്ക് ദേഷ്യമെന്നും തീരദേശത്തുള്ളവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
Also Read: ചമ്പക്കുളം മൂലം വള്ളം കളിക്കിടെ വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം