തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം വൈകുന്നതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്. സംഘടനയിലെ അംഗങ്ങളായ ജീവനക്കാർ സെക്രട്ടേറിയറ്റിലേക്ക് ശയനപ്രദക്ഷിണം നടത്തുകയും പ്രതീകാത്മകമായി ആത്മഹത്യ ചെയ്‌ത് പ്രതിഷേധിക്കുകയും ചെയ്‌തു. ജൂലൈ 29 കഴിഞ്ഞിട്ടും ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു നൽകിയിട്ടില്ല.
മാത്രമല്ല, ആദ്യ ഗഡുവും സർക്കാർ ഉറപ്പുകൾ ലംഘിച്ച് അഞ്ചാം തീയതിയും കഴിഞ്ഞാണ് നൽകിയത്. കെഎസ്ആർടിസിയുടെ കട ബാധ്യതകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞ സർക്കാർ കെഎസ്ആർടിസിയെ നശിപ്പിക്കുകയാണെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി അജയകുമാർ പറഞ്ഞു. ഒരു കാലത്ത് കെഎസ്ആർടിസിക്ക് അള്ള് വച്ചും ഡീസൽ ടാങ്കിൽ മരപ്പൊടി നിറച്ചവരുമെല്ലാം ഇന്ന് കെഎസ്ആർടിസി തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വാക്കിന് വിലയുണ്ടെങ്കിൽ തൊഴിലാളികളെ ഇത്തരം സമരമുറകളിലേക്ക് തള്ളിവിടാതെ വിഷയം പരിഹരിക്കണം. വരുമാനക്കുറവ് കൊണ്ടല്ല കെഎസ്ആർടിസിയിൽ ശമ്പളം നൽകാത്തത്. കെഎസ്ആർടിസിക്ക് 4,000 കോടിയുടെ കടബാധ്യത ഉണ്ടായെങ്കിൽ അതിന് കാരണക്കാർ സർക്കാരാണെന്നും അജയകുമാർ കുറ്റപ്പെടുത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ജൂലൈ 14ന് രാത്രിയാണ് നൽകിയത്. എല്ലാ മാസവും കൃത്യം അഞ്ചിന് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആൻ്റണി രാജുവും കെഎസ്ആർടിസി മാനേജ്മെൻ്റും ജീവനക്കാർക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഈ ഉറപ്പ് ഒന്നോ രണ്ടോ മാസം പാലിച്ചു.
നിലവിൽ പത്താം തീയതി കഴിഞ്ഞാണ് ജീവനക്കാർക്ക് ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം പോലും വിതരണം ചെയ്യുന്നത്. ജൂൺ മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വൈകുന്നതിന് കാരണം മാസം രേഖപ്പെടുത്തിയതിലെ പിഴവാണ്. ജൂലൈയിലെ ശമ്പളം നൽകാനുള്ള സാമ്പത്തിക സഹായം എന്ന് രേഖപ്പെടുത്തിയാണ് ഉത്തരവ് ഇറങ്ങിയത്.
സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി : കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയിലെ ശമ്പളവും പെന്‍ഷനും മുടങ്ങിയതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കെഎസ്‌ആര്‍ടിസിയെ സഹായിക്കാൻ കഴിയില്ലെങ്കിൽ അടച്ച് പൂട്ടണമെന്നായിരുന്നു കോടതിയുടെ വിമർശനം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കെഎസ്‌ആര്‍ടിസിയെ രക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 15നകം വിശദീകരണം നൽകണമെന്നാണ് സർക്കാരിന് കോടതി നിർദേശം നൽകിയത്. കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
എന്നാൽ, ഈ മാസത്തെ ശമ്പള വിതരണത്തിനും കുടിശ്ശികയ്‌ക്കുമുള്ള കെഎസ്‌ആര്‍ടിസിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട സഹായം ലഭിക്കാത്തതിനാലാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത് എന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
Read more : KSRTC| ' സഹായിക്കാനായില്ലെങ്കില്‍ അടച്ച് പൂട്ടണം': സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി