തിരുവനന്തപുരം: നഗരസഭയിലെ ശ്രീകാര്യം വാർഡിലെ 58, 59 ബൂത്തുകളിലെ 70ഓളം പ്രവർത്തകര്‍ മണ്ഡലം പ്രസിഡന്‍റ് ആർ.എസ്. രാജീവിന് രാജിക്കത്തുകൾ കൈമാറി. സ്ഥാനാർഥി നിർണയത്തിൽ ഒരു വിഭാഗത്തെ മനഃപൂർവം തഴഞ്ഞതിൽ പ്രതിക്ഷേധിച്ചാണ് പ്രവർത്തകരുടെ കൂട്ടരാജി.
സ്ഥലവാസിയും ജില്ലാ സെക്രട്ടറിയുമായ പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് മത്സരിപ്പിക്കുമെന്നായിരുന്നു തുടക്കം മുതൽ പറഞ്ഞുകേട്ടിരുന്നത്. ഇതനുസരിച്ച് ചുവരെഴുത്തും ആരംഭിച്ചിരുന്നു. എന്നാൽ ഇന്നലത്തെ സ്ഥാനാർഥി പട്ടികയിൽ യുവമോർച്ച നേതാവ് സുനിൽ എസ്.എസിനെയാണ് ശ്രീകാര്യത്തെ സ്ഥാനാർഥിയായി നിശ്ചയിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകരുടെ രാജി. ഇതേ തുടർന്ന് പ്രതിഷേധ സൂചകമായി വിവിധയിടങ്ങളിൽ ബി.ജെ.പി.ക്കായി ബുക്ക് ചെയ്ത് വെള്ളയടിച്ച ചുമരിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി തിരുത്തി ബുക്ക് ചെയ്തു. രാജിക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇപ്പോൾ പ്രശ്‌നം ഉണ്ടാക്കുന്നവർ ബി.ജെ.പിയുടെ സജീവ പ്രവർത്തകരല്ലെന്നും ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്‍റ് ആർ. എസ്. രാജീവ് പറഞ്ഞു. എന്നാൽ ബി ജെ പി യുടെ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാണ് മറനീക്കി പുറത്ത് വരുന്നത്. പാർട്ടിയിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്‍റിന് പരാതി നൽകുമെന്ന് ആർ എസ് രാജീവ് പറഞ്ഞു.