തിരുവനന്തപുരം: വിജയപ്രതീക്ഷയോടെ വട്ടിയൂർക്കാവിൽ ഇറങ്ങിയ ബിജെപിക്ക് രണ്ടാം സ്ഥാനം നിലനിർത്താനായെങ്കിലും വോട്ട് നില താഴേക്ക് പോയി. കഴിഞ്ഞ തവണ കുമ്മനം രാജശേഖരൻ കാഴ്ചവെച്ച പ്രകടനത്തിന് ഒപ്പമെത്താൻ ഇത്തവണ വിവി രാജേഷിന് ആയില്ല. 43700 വോട്ടുകളാണ് 2016ൽ കുമ്മനം രാജശേഖരൻ നേടിയത്. എന്നാൽ ഇത്തവണ അത് 39596 ആയി കുറഞ്ഞു. 32.06 ശതമാനം വോട്ടുണ്ടായിരുന്നത് 28.77 ശതമാനമായി താഴ്ന്നു.
Read More:സിപിഎം - കോൺഗ്രസ് വോട്ടുകച്ചവടമെന്ന് പി.കെ കൃഷ്ണദാസ്
നാലയിരത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായത്. അതേ സമയം 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തോളം വോട്ടുകൾ വർധിപ്പിക്കാനായി എന്നതിൽ ആശ്വസിക്കാം. അതിനിടെ ഇടതുമുന്നണിക്ക് വോട്ടു വിഹിതത്തിൽ വൻ വർധനയാണ് ഉണ്ടായത്. 2016ൽ 29.67 ശതമാനം ആയിരുന്നത് 44.4 ശതമാനമായി ഉയർന്നു. 2016ൽ വിജയിച്ച വട്ടിയൂർക്കാവിൽ യുഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ തവണ 37.66 ശതമാനം വോട്ടാണ് യുഡിഎഫ് നേടിയതെങ്കിൽ ഇക്കുറിയത് 25.76 ശതമാനമായി കുറഞ്ഞുവെന്നതും ശ്രദ്ധേയം.