തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി. മേയർ ആര്യ രാജേന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ നഗരസഭ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ചു. മേയർക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയാണ് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം.
നഗരസഭ ഭരണസമിതി പിരിച്ചുവിടുക, മേയർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. മേയർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ബിജെപി. മേയർക്കെതിരെ പ്രതിഷേധവുമായി നഗരസഭയ്ക്ക് അകത്തേക്ക് കയറിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി.
കോൺഗ്രസും സമരത്തില്‍: കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്. പ്രവർത്തകർ ഗേറ്റ് തള്ളി തുറന്ന് നഗരസഭയ്ക്ക് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് പ്രതിരോധിച്ചു. മതിൽ ചാടി അകത്തു കടന്ന കോൺഗ്രസ് പ്രവർത്തകയെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
മേയറുടെ ഔദ്യോഗിക വാഹനത്തിൽ കോൺഗ്രസ് കൗൺസിലർമാർ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. നഗരസഭയിൽ നിലവിൽ വൻ സംഘർഷ സാധ്യതയാണ്. വൻ പൊലീസ് സന്നാഹത്തെയാണ് നഗരസഭ പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.