തിരുവനന്തപുരം : നഗരസഭയിലെ വീട്ടുകരം അഴിമതിക്കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി. പ്രതികൾക്ക് അനുകൂലമായി രേഖകൾ നൽകാൻ ആവശ്യപ്പെട്ട് നേമം, തിരുവല്ലം സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ എൽ.ഡി.എഫ്, സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് വി.വി രാജേഷ് ആരോപിച്ചു.
മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും നിലവിലുള്ള സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും ഉൾപ്പെട്ട സംഘമാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി അടുത്ത മാസം ഒൻപതിന് പരിഗണിക്കാനിരിക്കെ തെളിവ് നശിപ്പിക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയാണ്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ പൊലീസിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും.
'വലിയ ക്രമക്കേടുകൾ നടക്കുന്നു'
ഇന്ന് വൈകിട്ട് ആറ് മുതൽ 12 മണിക്കൂർ നേമം പൊലീസ് സ്റ്റേഷൻ ഉപരോധിക്കും. സംഭവത്തിൽ സർക്കാർ ഇടപെടാത്തത് ദുരൂഹമാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ വിജയകരമായി നടത്തി എന്ന് ഭരണപക്ഷം അവകാശപ്പെടുന്നത് ബാലിശമാണ്. കൗൺസിൽ നടപടിക്രമങ്ങൾ പാലിച്ചില്ല.
സംസ്ഥാനത്തെ എൽ.ഡി.എഫ് ഭരിക്കുന്ന മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളിലും വലിയ ക്രമക്കേടുകൾ നടക്കുന്നുണ്ട്. വർക്കല നഗരസഭയിൽ പി.എം.എ.വൈ പദ്ധതി പ്രകാരം നികുതി ഒഴിവാക്കിയ വീടുകള്‍ക്ക് കരം ഈടാക്കിയതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ വർക്കല നഗരസഭയിൽ നാളെ രാപ്പകൽ സമരം നടത്തുമെന്നും വി.വി രാജേഷ് അറിയിച്ചു.