തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രത്യേക സാഹചര്യം വരുമ്പോഴേല്ലാം തീപിടിത്തം ഉണ്ടാകുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. വ്യവസായ മന്ത്രിയുടെ അഡിഷണൽ പിഎസ് പാർട്ടിയുടെ സെക്രട്ടേറിയറ്റിലെ മുഖങ്ങളിൽ ഒന്നാണ്. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ കാമറയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ഓഫിസിൽ തന്നെ തീപിടിത്തമുണ്ടായത് യാദൃശ്ചികമല്ല. കെൽട്രോണിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന നടന്നതിന് ശേഷമാണ് തീപിടിത്തമുണ്ടായത്. ഇത് ആസൂത്രിതമായ തീപിടിത്തമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാരണം സെക്രട്ടേറിയറ്റില്‍ ഇതിന് മുമ്പും തീപിടിച്ചിട്ടുണ്ട് അതുപോലെ ഇടിവെട്ടിയിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് തെളിവുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി മനപൂര്‍വം തീകൊളുത്തിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സ്വാഭാവികമായും മന്ത്രിയുടെ ഓരോ ഫയലുകളും അദ്ദേഹത്തിന്‍റെ പിഎയുടെ കൈകളിലൂടെയാണ് കടന്ന് പോകുന്നത്. മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ക്‌സ്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖമാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഇന്നലെ കെല്‍ട്രോണിന്‍റെ ഓഫിസില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധനയുണ്ടായി.
അതിന്‍റെ അടുത്ത ദിവസം തന്നെ മന്ത്രിയുടെ ഓഫിസില്‍ തീപിടിക്കുന്നത് എന്ത് പ്രതിഭാസമാണെന്ന് പറയാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടങ്ങിയ ഉടൻ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റി. എന്തിനായിരുന്നു ഈ തിരക്ക്.
സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം നേരിടാൻ സർക്കാർ തയ്യാറാകണം. പുതിയ അവതാരമാണ് പ്രകാശ് ബാബു. എഐ കാമറയുടെ പ്രത്യേക മീറ്റിങ്ങുകളിൽ എല്ലാം പ്രത്യക്ഷപ്പെട്ട ഇയാളുടെ ബന്ധം എന്താണ്. ശിവശങ്കറിനെ പോലെ സത്യസന്ധനായ ഓഫിസർ ഇല്ലെന്ന് മുൻപ് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രകാശ് ബാബു എല്ലാത്തിലും ബന്ധപ്പെടുന്നതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു.
നിഷ്‌പക്ഷമായിട്ടുള്ള പരിശോധന വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എല്ലാ മന്ത്രിമാരുടെ ഓഫിസിലും ഇ ഫയൽ മാത്രമല്ലാത്ത രേഖകളുമുണ്ട്. സോളാർ കേസ് 2021ൽ ഈ സർക്കാർ തന്നെയാണ് സിബിഐക്ക് വിട്ടത്. അതുകൊണ്ട് കേന്ദ്ര ഏജൻസി തന്നെ ഇത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതി മാത്രം കേന്ദ്ര ഏജൻസി അന്വേഷിക്കരുതെന്ന് പറയുന്നതിൽ കള്ളത്തരമുണ്ട്. നിഷ്‌പക്ഷമെന്ന് നിങ്ങൾക്ക് തോന്നുന്ന ഏജൻസി വന്ന് അന്വേഷിക്കട്ടെ. മാധ്യമങ്ങളെ കടത്തി വിടാത്തതിൽ ഉദ്ദേശം വ്യക്തമാണെന്നും ജോർജ് കുര്യൻ കൂട്ടിച്ചേര്‍ത്തു.
സെക്രട്ടേറിയറ്റിലെ അപ്രതീക്ഷിത തീപിടിത്തം: ഇന്ന് രാവിലെ 7.55 ഓടെയാണ് സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായത്. സെക്രട്ടേറിയറ്റിന്‍റെ മൂന്നാം നിലയിലെ സാന്‍ഡ്‌വിച്ച് ബ്ലോക്കിലെ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫിസിന് സമീപം അദ്ദേഹത്തിന്‍റെ പിഎ വിനോദിന്‍റെ ഓഫിസ് മുറിയിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷ ഉദ്യോഗസ്ഥര്‍ അഗ്‌നി ശമന സേനയെ വിവരം അറിയിച്ചു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 8.15ഓടെ തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് സെക്രട്ടേറിയറ്റിലും സമീപത്തും കനത്ത സുരക്ഷയാണ് ഒരുക്കിയത്.
സെക്രട്ടേറിയറ്റിന്‍റെ ഗേറ്റിന് മുമ്പില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജീവനക്കാരെ പോലും പരിശോധനയ്‌ക്ക് ശേഷമാണ് സെക്രട്ടേറിയറ്റിലേക്ക് കടത്തി വിടുന്നത്.